ജിദ്ദയിൽ നിന്ന് മക്കയിലേക്കുള്ള ദൂരം ഇനി കുറയും. മക്കയ്ക്കും ജിദ്ദ വിമാനത്താവളത്തിനുമിടയിലുള്ള ദൂരം 35 മിനിറ്റായി കുറയ്ക്കുന്ന ജിദ്ദ – മക്ക നേരിട്ടുള്ള പുതിയ റോഡിന്റെ നിർമാണം പുരോഗമിക്കുന്നു. സൗദി ഗതാഗത ലോജിസ്റ്റിക് മന്ത്രി സ്വാലിഹ് ബിൻ നാസർ അൽജാസർ നിർമാണ പ്രവർത്തനങ്ങളുടെ പുരോഗതി നേരിട്ടത്തി വിലയിരുത്തി. ഗതാഗത അതോറിറ്റി ആക്ടിങ് ചെയർമാൻ എൻജി. ബദർ അൽ ദലാമിയോടൊപ്പമാണ് മന്ത്രി റോഡ് സന്ദർശിക്കാൻ എത്തിയത്.
പദ്ധതി നടപ്പാക്കുന്ന രീതിയെക്കുറിച്ചും റോഡ് സുരക്ഷയും ഗുണനിലവാരവും വർധിപ്പിച്ച് സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും ഏറ്റവും പുതിയ സാങ്കേതികവിദ്യകൾ, ദൂരം, പൂർത്തിയായ ഘട്ടങ്ങൾ എന്നിവ സംബന്ധിച്ചുമുള്ള വിശദാംശങ്ങൾ മന്ത്രി ചോദിച്ചറിയുകയും ചെയ്തു. അതേസമയം മക്ക, മദീന ഇരു ഹറമുകൾക്കും തീർഥാടകർ, മദീന സന്ദർശകർ എന്നിവരുൾപ്പെടെ ദൈവത്തിന്റെ അതിഥികളുടെ സേവനത്തിന് ഭരണകൂടം നൽകുന്ന പരിഗണനയെയും താൽപര്യത്തെയും മന്ത്രി പ്രശംസിച്ചു.
ജിദ്ദ – മക്ക റോഡിന്റെ പ്രാധാന്യം കണക്കിലെടുത്ത് ശ്രമങ്ങൾ ശക്തമാക്കണമെന്നും മന്ത്രി നിർദേശിച്ചിട്ടുണ്ട്. നേരിട്ടുള്ള ജിദ്ദ – മക്ക റോഡ് ജിദ്ദയിലെ തിരക്ക് കുറക്കാൻ സഹായിക്കും. കൂടാതെ അൽഹറമൈൻ റോഡിൽ നിന്ന് നഗരപ്രദേശത്തിന് പുറത്തേക്കുള്ള വാഹനഗതാഗതം സുഗമമാക്കുമെന്നും മന്ത്രി പറഞ്ഞു. പുതിയ റോഡ് അൽജമൂം, ഹദ്ദ സെൻറർ തുടങ്ങി നിരവധി ഗവർണറേറ്റുകളിലൂടെയാണ് കടന്നുപോകുന്നത്. ഈ പദ്ധതി പൂർത്തിയായാൽ ഹജ്ജ്, ഉംറ കർമങ്ങൾ ചെയ്യാനും മക്കയിലെത്താനും ആഗ്രഹിക്കുന്നവരുടെ യാത്ര സുഗമമാക്കും. മേഖലയിലെ വാണിജ്യ, സാമ്പത്തിക, ടൂറിസം പ്രസ്ഥാനത്തെ പിന്തുണക്കുകയും ചെയ്യുന്നതാണ് ജിദ്ദ-മക്ക റോഡ്.