ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ജെ.സി ഡാനിയേൽ പുരസ്‌കാരം സംവിധായകൻ ടി.വി ചന്ദ്രന്. അഞ്ച് ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്പവുമടങ്ങുന്നതാണ് പുരസ്കാരം.സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് വാർത്താകുറിപ്പിലൂടെ അവാർഡ് പ്രഖ്യാപനം നടത്തിയത്.
മലയാള സമാന്തര സിനിമയ്ക്ക് ശക്തമായ സാനിധ്യമുണ്ടാക്കിയ സംവിധായകനാണ് ടിവി ചന്ദ്രനെന്ന് ജൂറി അഭിപ്രായപ്പെട്ടു. അന്താരാഷ്ട്ര സിനിമാമേളകളിൽ മലയാള സിനിമയുടെ മേൽവിലാസമായി മാറാനും ടി വി ചന്ദ്രന് കഴിഞ്ഞിട്ടുണ്ട്.
മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി സംവിധാനം ചെയ്ത പൊന്തൻമാട എന്ന ചിത്രത്തിലൂടെ മികച്ച സംവിധായകനുള്ള ദേശീയ അവാർഡ് നേടിയ സംവിധാകനാണ്. ഇതിനകം ആറ് ദേശീയ പുരസ്കാരങ്ങൾ, പത്ത് സംസ്ഥാന പുരസ്കാരങ്ങൾ അടക്കം നിരവധി അവാർഡുകൾ അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. സംവിധാനം ചെയ്ത സിനിമകൾക്കെല്ലാം തിരക്കഥ എഴുതിയും അദ്ദേഹം തന്നെയായിരുന്നു.
റിസർവ് ബാങ്കിലെ ജോലി ഉപേക്ഷിച്ചാണ് ടിവി ചന്ദ്രൻ സിനിമാലോകത്തേക്ക് കടന്നുവരുന്നത്. വിഖ്യാത സംവിധായകൻ പി.എ ബക്കറിന്‍റെ അസിസ്റ്റൻ്റായാണ് തുടക്കം. പവിത്രൻ നിർമിച്ചു ബക്കർ സംവിധാനം ചെയ്ത കബനീനദി ചുവന്നപ്പോൾ എന്ന സിനിമയിൽ നായകകഥാപാത്രത്തെ ടിവി ചന്ദ്രൻ അവതരിപ്പിച്ചിരുന്നു. 1981ല്‍ കൃഷ്ണന്‍ കുട്ടി എന്ന സിനിമയിലൂടെയാണ് സ്വതന്ത്ര സംവിധാനരംഗത്തെത്തിയത്.
ഹേമാവിൻ കാതലർകൾ, ആലീസിന്‍റെ അന്വേഷണം, ഓർമകൾ ഉണ്ടായിരിക്കണം, മങ്കമ്മ, സൂസന്ന, ഡാനി, പാഠം ഒന്ന് ഒരു വിലാപം, കഥാവശേഷൻ, ആടുംകൂത്ത്, വിലാപങ്ങൾക്കപ്പുറം, ഭൂമിയുടെ അവകാശികൾ, മോഹവലയം തുടങ്ങി നിരവധി ശ്രദ്ധേയമായ നിരവധി ചിത്രങ്ങൾ ടി വി ചന്ദ്രൻ മലയാള സിനിമയ്ക്ക് സമ്മാനിച്ചിട്ടുണ്ട്.