ഇന്ത്യയിലും യുഎഇയിലും ഒരുപോലെ കറൻസി വിനിമയം നടത്താൻ സാധിക്കുന്ന ജയ്വാൻ ഡെബിറ്റ് കാർഡുകൾ ജനങ്ങളിലേയ്ക്ക് എത്തുന്നു. സെപ്റ്റംബർ മാസത്തിൽ കാർഡുകൾ ബാങ്കുകൾ വഴി ജനങ്ങളിലെയ്ക്ക് എത്തിക്കാനാണ് അധികൃതരുടെ നീക്കം. ഇന്ത്യയുടെ റൂപേ കാർഡ് ആണ് ജയ്‌വാൻ കാർഡുകൾക്ക് സാങ്കേതിക സൗകര്യം ഒരുക്കിയിരിക്കുന്നത്.
ജൂണിൽ കാർഡ് നൽകിത്തുടങ്ങുമെന്ന് വാർത്തകൾ പുറത്തുവന്നിരുന്നുവെങ്കിലും തയ്യാറെടുപ്പുകൾ പൂർത്തിയായിരുന്നില്ല. സെപ്റ്റംബർ ആദ്യവാരം മുതൽ യുഎഇയിലെ 90 ശതമാനം പോയിൻ്റ് ഓഫ് സെയിൽ (പി.ഒ.എസ്.) ടെർമിനലുകളിലും ജയ്‌വാൻ കാർഡ് ഉപയോഗിച്ച് പണമിടപാട് നടത്താൻ സാധിക്കുമെന്നാണ് റിപ്പോർട്ട്. ഇന്ത്യയിൽ റൂപേ പോലെ യുഎഇയിൽ ജയ്‌വാൻ കാർഡുകൾ പ്രചാരത്തിലെത്തും.
ജയ്‌വാൻ ഡെബിറ്റ് കാർഡ് സ്വീകരിക്കാനും പണം പിൻവലിക്കാനും ആവശ്യമായ എടിഎം ശൃംഖല സജ്ജമാക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോൾ യുഎഇയിലെ ബാങ്കുകൾ. ആദ്യഘട്ടത്തിൽ അജ്‌മാൻ ബാങ്കാണ് നടപടികൾ പൂർത്തിയാക്കിയത്. യുഎഇ സെൻട്രൽ ബാങ്കിൻ്റെ അനുബന്ധ സ്ഥാപനമായ അൽ ഇത്തിഹാദ് പേയ്മെന്റ്സ് എടിഎമ്മുകൾ, പോയിന്റ് ഓഫ് സെയിൽ, ഇ-കൊമേഴ്‌സ് ഉൾപ്പെടെ എല്ലാ പേയ്മെന്റ് ചാനലുകളിലും ഉപയോഗിക്കാവുന്ന രീതിയിലാണ് ജയ്‌വാൻ കാർഡ് വികസിപ്പിക്കുന്നത്.
കഴിഞ്ഞ ഫെബ്രുവരിയിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുഎഇ സന്ദർശന വേളയിൽ ആദ്യ ജയ്‌വാൻ കാർഡ് പുറത്തിറക്കിയിരുന്നു. ഇന്ത്യൻ പേയ്മെന്റ് സാങ്കേതിക സംവിധാനത്തിൽ ഒരുക്കിയ ജയ്‌വാൻ കാർഡിൻ്റെ ആദ്യ ഉടമ യുഎഇ പ്രസിഡൻ്റ് ഷെയ്‌ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനായിരുന്നു. യുഎഇ നിവാസികൾക്ക് തുടക്കത്തിൽ പ്രാദേശികമായും പിന്നീട് ജിസിസിയിലും ജയ്വാൻ കാർഡുകൾ ഉപയോഗിക്കാം. പിന്നീട് മറ്റ് വിദേശ വിപണികളിൽ പണം പിൻവലിക്കുന്നതിനും സാധനങ്ങൾ വാങ്ങുന്നതിനുമെല്ലാം കാർഡ് ഉപയോഗിച്ചുതുടങ്ങാം.