നെല്ല് സംഭരിച്ചതിൽ കർഷകർക്ക് വില നൽകിയില്ലെന്ന വിമർശനം ആവർത്തിച്ച് നടൻ ജയസൂര്യ. കഴിഞ്ഞ ദിവസം മന്ത്രി പി രാജീവിനെ വേദിയിലിരുത്തി സർക്കാരിനെതിരെ ജയസൂര്യ രൂക്ഷ വിമർശനം ഉയർത്തിയിരുന്നു. പരാമർശം ചർച്ചയായ പശ്ചാത്തലത്തിലാണ് വിശരണം.തന്റേത് കർഷക പക്ഷമാണ്. ഇടത്-വലത്-ബിജെപി രാഷ്ട്രീയവുമായി യാതൊരു ബന്ധവും ഇല്ലെന്നും ജയസൂര്യ പറഞ്ഞു.
തനിക്കതിൽ രാഷ്ട്രീയമില്ല. വ്യക്തി കേന്ദ്രികൃത വിമർശനം ഇല്ല. കർഷകരുടെ വിഷയം മാത്രമാണ് പ്രസക്തമെന്നും ജയസൂര്യ പറഞ്ഞു. കൃഷികൊണ്ട് പലപ്പോഴും ഒന്ന് നിവർന്നു നിൽക്കാൻ പോലും കഴിയാത്ത മാതാപിതാക്കളെ മാതൃകയാക്കി വീണ്ടും കടത്തിന്റെ കടും ചേറിലേക്കിറങ്ങാൻ എത്രപേർ സന്നദ്ധരാവുമെന്നും നടൻ ചോദിച്ചു.
‘സംഭരിച്ച നെല്ലിന്റെ വില ആറുമാസത്തിലേറെ കഴിഞ്ഞിട്ടും കർഷകർക്ക് കിട്ടിയിട്ടില്ലെന്ന് സുഹൃത്ത് കൃഷ്ണപ്രസാദ് പറഞ്ഞാണ് അറിയുന്നത്. അത് കടുത്ത അനീതിയായി എനിക്ക് തോന്നി. ആ നെല്ല് പുഴുങ്ങികുത്തി അരിയായി വിപണിയിൽ എത്തിയിട്ടുണ്ടാവില്ലേ?, എന്നിട്ടും എന്താണ് പാവം കർഷകർ അധികാരികളുടെ കണ്ണ് തുറപ്പിക്കാൻ തിരുവോണത്തിന് പട്ടിണി സമരം നടത്തുന്നത്?. നമ്മളെ ഊട്ടുന്നവർക്ക് സമൃദ്ധിയുടെ ഉത്സവമായ തിരുവോണത്തിന് പട്ടിണി കിടക്കേണ്ടി വന്നതിലെ അനൗചിത്യമാണ് ഞാൻ ചൂണ്ടികാട്ടിയത്.’ ജയസൂര്യ പറഞ്ഞു.