നടിയും മുൻ എംപിയുമായ ജയപ്രദയ്ക്ക് ആറ് മാസം തടവ്. ചെന്നൈ എഗ്‍മോർ കോടതിയുടേതാണ് ഉത്തരവ്. തീയേറ്റർ നടത്തിപ്പുമായി ബന്ധപ്പെട്ട ഒരു കേസിലാണ് ഉത്തരവ്. ജീവനക്കാരുടെ ഇഎസ്ഐ വിഹിതം അടയ്‍ക്കാത്തതിനാലാണ് ശിക്ഷ വിധിച്ചത്.
തെലുങ്ക് ദേശം പാർട്ടിയിലൂടെയാണ് നടി ജയപ്രദ രാഷ്‍ട്രീയത്തിലേക്ക് എത്തുന്നത്. 1994ൽ പാർട്ടിക്കായി തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഭാഗമായിരുന്നു നടി. പിന്നീട് സമാജ്‍വാദ് പാർട്ടിയിൽ ചേർന്നു. ഉത്തർപ്രദേശിൽ നിന്ന് ലോക്സഭയിലേക്കും എത്തി. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ ജയപ്രദ പിന്നീട് പുറത്താക്കപ്പെടുകയും സമാജ്‍വാദ് പാർട്ടിയുടെ മുൻ ജനറൽ സെക്രട്ടറി അമർ സിംഗിന്റെ രാഷ്‍ട്രീ ലോക് മഞ്ചിൽ ചേർനനിൽ പ്രവർത്തിക്കുകയും ചെയ്‍തു. തെരഞ്ഞെടുപ്പിൽ വിജയിക്കാനാകാത്തതിനാൽ അമർ സിംഗിനൊപ്പം ജയപ്രദ ആർഎൽഡിയിൽ ചേർന്നു. ആർഎൽഡി ടിക്കറ്റിൽ ലോക്സഭയിലേക്ക് മത്സരിച്ചെങ്കിലും ജയപ്രദയ്‍ക്ക് ജയിക്കാനായില്ല. 2019ൽ നടി ജയപ്രദ ബിജെപിയിൽ ചേരുകയും ചെയ്‍തു.
ഹിന്ദിയിലും തെലുങ്കിലും ഒരുകാലത്ത് മിന്നിത്തിളങ്ങിയ താരമായിരുന്നു ജയപ്രദ. മികച്ച നടിക്കുള്ള നന്തി അവാർഡും ജയപ്രദയ്‍ക്ക് ലഭിച്ചിട്ടുണ്ട്. മോഹൻലാൽ നായകനായി എത്തിയ ഹിറ്റ് ചിത്രങ്ങളായ ‘ദേവദൂതനി’ലും ‘പ്രണയ’ത്തിലും ഒരു പ്രധാന വേഷത്തിൽ ജയപ്രദയുണ്ടായിരുന്നു.