ലക്ഷക്കണക്കിന് സാധാരണക്കാരായ പ്രവാസികളുടെ ആശ്രയമായ കണ്ണൂര്‍ വിമാനത്താവളത്തില്‍ വിദേശ വിമാനക്കമ്പനികളെ അനുവദിക്കണമെന്ന ആവശ്യം കേന്ദ്ര സര്‍ക്കാര്‍ നിരന്തരം തള്ളുകയാണ്. ഇത് മൂലം പ്രതിസന്ധിയിലാക്കുന്നത് പാവം പ്രവാസികളാണ്. എന്നാൽ മുകേഷ് അംബാനിയുടെ മകന്‍ ആനന്ദ് അംബാനിയുടെ വിവാഹത്തിന് വ്യോമസേനയുടെ തന്ത്രപ്രധാന വിമാനത്താവളത്തിന് അന്താരാഷ്ട്ര വിമാനത്താവള പദവി നല്‍കിയിരുന്നു. ഗുജറാത്ത് ജാംനഗറിലെ പ്രതിരോധ വിമാനത്താവളത്തിന് ഫ്രബ്രുവരി 25 മുതല്‍ മാര്‍ച്ച് അഞ്ചുവരെയാണ് അന്താരാഷ്ട്ര വിമാനത്താവളമെന്ന പദവി കേന്ദ്രം താല്‍ക്കാലികമായി നല്‍കിയത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ചടങ്ങിനെത്തുന്നവര്‍ക്ക് വേദിയുടെ അടുത്ത് വിമാനമിറങ്ങാനാണ് രാജ്യസുരക്ഷ കാറ്റില്‍പ്പറത്തിക്കൊണ്ടുള്ള നടപടി.
2018ലാണ് കണ്ണൂര്‍ വിമാനത്താവളം ആരംഭിച്ചത്. അന്ന് മുതൽ വിദേശ വിമാനങ്ങളിറങ്ങാനുള്ള പോയിന്റ് ഓഫ് കോള്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നൽകിയിട്ടില്ല. ഇത് വിവേചനമല്ലേ എന്നാൽ കോണ്‍ഗ്രസ് ദേശീയവക്താവായ ഡോ. ഷമ മുഹമ്മദ് ചോദിക്കുന്നത്. പാക് അതിര്‍ത്തിയോട് ചേര്‍ന്ന വ്യോമസേനയുടെ തന്ത്രപ്രധാന വിമാനത്താവളമാണ് സഹസ്രകോടീശ്വരന്റെ മകന്റെ വിവാഹത്തിനായി കേന്ദ്രം യാതൊരു വ്യവസ്ഥയും പരിഗണിക്കാതെ തുറന്നുകൊടുത്തത്. വിവാഹത്തിനായി കുറഞ്ഞത് 150 വിമാനമെങ്കിലും ജാംനഗറിലെത്തും. വിദേശ അതിഥികളടക്കം 2000 പേര്‍ പരിപാടിക്കെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രതിദിനം ശരാശരി മൂന്ന് ഷെഡ്യൂള്‍ഡ് വിമാനവും അഞ്ച് നോണ്‍ ഷെഡ്യൂള്‍ഡ് വിമാനവുംമാത്രം കൈകാര്യം ചെയ്യുന്ന വിമാനത്താവളത്തിലാണ് 10 ദിവസത്തിനുള്ളില്‍ പരിധിയില്‍ക്കവിഞ്ഞ വിമാനങ്ങളെത്തുന്നത് എന്നതും ചർച്ച ചെയ്യേണ്ടിയിരിക്കുന്നു എന്ന് ഡോ. ഷമ മുഹമ്മദ് കൂട്ടിച്ചേർത്തു.
അത് മാത്രമല്ല, വിവാഹത്തിന് മുന്നോടിയായി വിമാനത്താവളത്തിലെ പാസഞ്ചര്‍ കെട്ടിടം വിപുലീകരിക്കുകയും ചെയ്തിരുന്നു. വിമാനത്താവള ജീവനക്കാരുടെ എണ്ണവും കേന്ദ്രം വര്‍ധിപ്പിച്ചു. വിശിഷ്ടാതിഥികളെ സ്വീകരിക്കാന്‍ വിമാനത്താവളത്തിനു സമീപം പ്രത്യേക സൗകര്യമൊരുക്കാന്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസിന് അനുമതി നല്‍കുകയും ചെയ്തു. മൂന്നു കേന്ദ്രമന്ത്രിമാര്‍ക്കാണ് ഇതിന്റെ ചുമതല നല്‍കിയത്. കെട്ടിടം വലുതാക്കിയതിന് പുറമെ ശൗചാലയങ്ങളും നവീകരിച്ചു. ഇത് സാധാരണക്കാരോടുള്ള അവഗണനയല്ലേയെന്നും അവർ ചോദിച്ചു.