പ്രപഞ്ച രഹസ്യങ്ങളുടെ പൊരുള്‍ തേടിയുള്ള പ്രയാണത്തില്‍ ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനി പകര്‍ത്തിയ ആദ്യത്തെ ഫുൾ കളർ ചിത്രം പുറത്തുവിട്ട് നാസ. വിദൂര പ്രപഞ്ചത്തിലെ ഏറ്റവും ആഴമേറിയതും കൃത്യതയാർന്നതുമായ ഇൻഫ്രാറെഡ് ചിത്രമാണ് ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനി പുറത്തുവിട്ടത്. ബഹിരാകാശത്തേക്ക് ഇതുവരെ വിക്ഷേപിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും വലുതും ശക്തവുമായ ദൂരദർശിനിയായ വെബ് ഉപയോഗിച്ചുള്ള ശാസ്ത്രീയ പ്രവർത്തനങ്ങളുടെ തുടക്കമെന്ന നിലയിലാണ് ശാസ്ത്രലോകം ചിത്രത്തെ വിലയിരുത്തുന്നത്.
ഗാലക്സികളുടെ ഒരു കൂട്ടത്തെ പ്രദർശിപ്പിക്കുന്ന ചിത്രം 4.6 ബില്യൺ വർഷങ്ങൾക്ക് മുമ്പ് പ്രത്യക്ഷപ്പെട്ട ഗാലക്സി ക്ലസ്റ്റർ SMACS 0723നെ കാണിക്കുന്നതാണെന്ന് യുഎസ് ബഹിരാകാശ ഏജൻസി പറഞ്ഞു. കൂടുതല്‍ ചിത്രങ്ങൾ വരും ദിവസങ്ങളില്‍ പുറത്തുവിടും.. നാസയുടെ പ്രസ്താവന പ്രകാരം 7,600 പ്രകാശവർഷം അകലെ സ്ഥിതി ചെയ്യുന്ന ഒരു തരം വാതക മേഘമായ കാരീന നെബുലയും സൗരയൂഥത്തിന് പുറത്തുള്ള ഭീമൻ വാതക ഗ്രഹമായ വാസ്പ്-96 ബിയും കാണാൻ കഴിയുന്ന കോസ്മിക് വസ്തുക്കളിൽ ഉൾപ്പെടുന്നു.
13.8 ബില്യൺ വർഷങ്ങൾക്ക് മുമ്പുള്ള മഹാവിസ്ഫോടനത്തിന് തൊട്ടുപിന്നാലെയുള്ള കാലഘട്ടത്തെക്കുറിച്ച് ശാസ്ത്രീയ വെളിച്ചം ദൂരദർശിനിയുടെ ചിത്രങ്ങൾ നൽകുമെന്ന് ശാസ്ത്രജ്ഞർ കരുതുന്നു. പത്ത് ബില്യൺ ഡോളർ ചിലവിൽ ഏകദേശം മുപ്പത് വർഷം കൊണ്ടാണ് ജെയിംസ് വെബ് വികസിപ്പിച്ചെടുത്തത്. 14 രാജ്യങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് ശാസ്ത്രജ്ഞരുടെയും സാങ്കേതിക വിദഗ്ധരുടെയും കണ്ടുപിടുത്തത്തിന്റെ ഭാഗമായി. ഹബിൾ ടെലിസ്കോപ്പിന്റെ പിന്‍ഗാമിയായ ജെയിംസ് വെബ് പത്ത വര്‍ഷമാണ് ആയുസ്സ് കണക്കാക്കുന്നത്. കഴിഞ്ഞ ഡിസംബറിലായിരുന്നു ജെയിംസ് വെബിന്റെ വിക്ഷേപണം.
പ്രപഞ്ചത്തിന്റെ പിറവി, നക്ഷത്രങ്ങള്‍, ഗ്രഹങ്ങള്‍ എന്നിവയെക്കുറിച്ച് ആഴത്തില്‍ പഠിക്കുകയാണ് ജെയിംസ് വെബിന്റെ ലക്ഷ്യം. സൗരയൂഥത്തിനു പുറത്തുള്ള ഗ്രഹങ്ങളെക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ ലഭ്യമാകുന്നതിനൊപ്പം ഭൂമിയെ കൂടാതെ ജീവനുള്ള ഇതര ഗ്രഹങ്ങളുണ്ടോയെന്ന അന്വേഷണങ്ങള്‍ക്കും ജെയിംസ് വെബ് വരും ദിവസങ്ങളില്‍ ഊര്‍ജം പകരും.