100 കോടി ക്ലബ്ബും കടന്ന് വിജയക്കുതിപ്പ് തുടരുകയാണ് ഗിരീഷ് എ.ഡിയുടെ സംവിധാന മികവിൽ ഒരുങ്ങിയ ‘പ്രേമലു’. മലയാളത്തിലെ പല കളക്ഷൻ റെക്കോർഡുകളും തിരുത്തി തിയേറ്ററുകളിൽ നിറഞ്ഞാടുന്ന പ്രേമലു തെലുങ്കിലും വിജയം ആവർത്തിക്കുകയാണ്. പ്രേമലുവിനെയും അതിന്റെ അണിയറപ്രവർത്തകരെയും അഭിനന്ദിച്ചിരിക്കുകയാണ് തമിഴ് നടൻ ശിവകാർത്തികേയൻ. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് സിനിമയെയും സിനിമയുടെ അണിയറപ്രവർത്തകരെയും അദ്ദേഹം അഭിനന്ദിച്ചത്.
‘ഫൺ ഫിൽഡ് എൻ്റർടെയ്നർ’ എന്നാണ് പ്രേമലവിനെക്കുറിച്ചുള്ള ശിവകാർത്തികേയന്റെ അഭിപ്രായം. സംവിധായകൻ ഗിരീഷ് എ ഡി, സഹതിരക്കഥാകൃത്ത് കിരൺ ജോസി, അഭിനേതാക്കളായ മമിതാ ബൈജു. നസ്ലിൻ, സംഗീത് പ്രതാപ്, അഖില ഭാർഗവൻ, ശ്യാം മോഹൻ, സിനിമയുടെ നിർമ്മാതാക്കളായ ദിലീഷ് പോത്തൻ, ശ്യാം പുഷ്ക്കരൻ, ഫഹദ് ഫാസിൽ, സംഗീത സംവിധായകൻ വിഷ്ണു വിജയ് എന്നിവരെയും അദ്ദേഹം മെൻഷൻ ചെയ്തിട്ടുണ്ട്.
റിലീസ് ചെയ്ത് ഒരു മാസം കൊണ്ട് ചിത്രം ആഗോള തലത്തിൽ 100 കോടി ക്ലബിൽ ഇടം നേടിയിരുന്നു. ഈ നേട്ടം കൈവരിക്കുന്ന അഞ്ചാമത്തെ മലയാള സിനിമയാണ് പ്രേമലു. പുലിമുരുകൻ, ലൂസിഫർ, 2018, മഞ്ഞുമ്മൽ ബോയ്സ് എന്നീ സിനിമകളാണ് ഇതിന് മുന്പ് 100 കോടി ക്ലബിൽ ഇടം നേടിയത്.