യുഎഇയിൽ മഴയ്ക്ക് പിന്നാലെ തണുപ്പേറുന്നു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴ മാറിയതോടെ രാജ്യത്ത് താപനില കുറഞ്ഞുവരികയാണ്. ഈ വർഷത്തെ ഏറ്റവും കുറഞ്ഞ താപനിലയാണ് യുഎഇയിൽ ഇപ്പോൾ രേഖപ്പെടുത്തുന്നത്. ഇന്ന് രാവിലെ റാസൽഖൈമയിലെ ജബൽ ജെയ്സിൽ രേഖപ്പെടുത്തിയത് 3.4 ഡിഗ്രി സെൽഷ്യസാണ്. ശനിയാഴ്ച ഇവിടെ രേഖപ്പെടുത്തിയത് 4.2 ഡിഗ്രി സെൽഷ്യസായിരുന്നു. അബുദാബി, ദുബായ്, ഷാർജ, ഫുജൈറ, ഉമ്മുൽ ഖുവൈൻ ഉൾപ്പെടെയുള്ള എല്ലാ എമിറേറ്റുകളിലും തണുപ്പേറിയിട്ടുണ്ട്.
ഈ വർഷം ജനുവരിയുടെ തുടക്കത്തിൽ അൽഐനിലെ റക്നയിൽ രേഖപ്പെടുത്തിയത് 5.3 ഡിഗ്രി സെൽഷ്യസായിരുന്നു. ഈ താപനിലയാണ് ഇപ്പോൾ വീണ്ടും കുറഞ്ഞിരിക്കുന്നത്. ശനിയാഴ്ച ജബൽ മബ്രിഹിൽ ആറ് ഡിഗ്രിയും ജബൽ അൽ റഹ്ബയിൽ 6.2 ഡിഗ്രിയും ജബൽ അൽ ഹഫീതിൽ 9.5 ഡിഗ്രിയും ജബൽ അൽ ഹിബനിൽ 10 ഡിഗ്രയുമാണ് താപനില രേഖപ്പെടുത്തിയത്. ജബൽ ജൈസ് കഴിഞ്ഞാൽ ഇവിടങ്ങളിലാണ് രാജ്യത്ത് ഏറ്റവും തണുപ്പുള്ളത്. അതേസമയം, ഏറ്റവും കൂടുതൽ താപനില രേഖപ്പെടുത്തിയത് കൽബയിലാണ്. 24.9 ഡിഗ്രിയാണ് ഇവിടെ താപനില.
വെള്ളിയാഴ്ച മുതൽ രാജ്യത്ത് പലഭാഗത്തും മിന്നലോടുകൂടിയ ശക്തമായ മഴ ലഭിച്ചിരുന്നു. അജ്മാൻ ഒഴികെയുള്ള എമിറേറ്റിലാണ് ശക്തമായ മഴ രേഖപ്പെടുത്തിയത്. മിക്ക പ്രദേശങ്ങളിലും മേഘാവ്യതമായ അന്തരീക്ഷമാണ് നിലവിലുള്ളത്. തിങ്കളാഴ്ച വരെ രാജ്യത്ത് മഴക്ക് സാധ്യതയുണ്ടെന്നാണ് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുള്ളത്.