അബുദാബിയിലെ ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്ന സ്വദേശികളുടെ എണ്ണം വെളിപ്പെടുത്തി ആരോഗ്യവകുപ്പ്. നിലവിൽ 1200-ലേറെ സ്വദേശികളാണ് എമിറേറ്റിലെ അരോഗ്യമേഖലയിൽ പ്രവർത്തിക്കുന്നത്. എമിറാത്തികൾക്ക് മികച്ച തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുള്ള സർക്കാരിൻ്റെ പദ്ധതിയായ തവ്ത്തീൻ സംരംഭം ആരംഭിച്ചതോടെയാണ് ആറ് മാസത്തിനകം ഇത്രയേറെ സ്വദേശികളെ നിയമിച്ചത്.
അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ആരോഗ്യ മേഖലയിലെ എമിറാത്തികളുടെ എണ്ണം 10,000 ആയി ഉയർത്താനാണ് ലക്ഷ്യമിടുന്നതെന്ന് എമിറാത്തി ടാലന്റ് കോംപറ്റിറ്റീവ്നെസ് കൗൺസിൽ സെക്രട്ടറി ജനറൽ ഖന്നം അൽ മസ്റൂഇ പറഞ്ഞു. ആരോഗ്യമേഖലയിൽ പൗരന്മാർക്ക് മികച്ച തൊഴിലവസരങ്ങൾ നൽകാനായി എമിറേറ്റിലെ എല്ലാ ആരോഗ്യകേന്ദ്രങ്ങളും സ്വദേശിവത്കരണം വ്യാപിപ്പിച്ചുവരികയാണ്.
അബുദാബി കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ്റെ നിർദേശങ്ങളെത്തുടർന്നാണ് ഇത്രയും എമിറാത്തികളെ ആരോഗ്യ രംഗത്തേക്ക് ആകർഷിക്കാൻ സാധിച്ചതെന്ന് അബുദാബി ആരോഗ്യ വകുപ്പ് ചെയർമാൻ മൻസൂർ ഇബ്രാഹിം അൽ മൻസൂരി പറഞ്ഞു. ആഗോള ആരോഗ്യസംരക്ഷണ കേന്ദ്രമെന്ന നിലയിൽ അബുദാബിയുടെ സ്ഥാനം ശക്തിപ്പെടുത്താൻ ഈ നേട്ടം സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.