ഇറാഖില്‍ ഷിയ നേതാവ് മുഖ്‌തദ അൽ സദർ രാജിവെച്ചതോടെ അഭ്യന്തര കലാപം അക്രമത്തിലെത്തി. രാജിവച്ചതിനൊപ്പം പാര്‍ട്ടി പിരിച്ചുവിട്ടെന്ന പ്രഖ്യാപനം അനുയായികളെ ചൊടുപ്പിക്കുകയായിരുന്നു. തുടര്‍ന്നുണ്ടായ വെടിവെയ്പ്പിലും റോക്കറ്റ് ആക്രമണത്തിലുമായി 23 പേര്‍ കൊല്ലപ്പെട്ടു.
പ്രതിഷേധക്കാർ ഇറാഖിലെ സർക്കാർ ആസ്ഥാന മന്ദിരത്തിലേക്ക് അതിക്രമിച്ചുകയറി. ഇതോടെ കാവൽ പ്രധാനമന്ത്രി മുസ്തഫ അൽ കാദിമിയുടെ നേതൃത്വത്തിന്‍ നടന്ന മന്ത്രിസഭാ യോഗം തടസ്സപ്പെട്ടു. സുരക്ഷാസേനയുമായുണ്ടായ സംഘർഷത്തിലാണ് മൂന്ന് പേര്‍ കൊല്ലപ്പെട്ടത്.
ഇറാൻ അനുകൂലികൾ സർക്കാരുണ്ടാക്കുന്നതിനെ എതിർത്തും ഇടക്കാല തിരഞ്ഞെടുപ്പ് ആവശ്യപ്പെട്ടും അൽ സദറിന്റെ അനുയായികൾ ഒരുമാസം മുമ്പ് തന്നെ പ്രക്ഷോഭം ആരംഭിച്ചിരുന്നു. തൊഴിലില്ലായ്മയും വിലക്കയറ്റവും രൂക്ഷമായതും കലാപത്തിന് കാരണമായി.
രാഷ്ട്രീയ അനശ്ചിതാവസ്ഥ തുടരുന്നതിനിടെയാണ് അല്‍സദര്‍ രാജി പ്രഖ്യാപനം നടത്തിയത്. ഇറാഖിലെ രാഷ്‌ട്രീയകാര്യത്തിൽ ഇനി ഇടപെടില്ലെന്ന് വ്യക്തമാക്കിയതിന് പിന്നാലെയായിരുന്നു രാജി. തുടര്‍ന്ന് അനുയായികൾ സംഘടിച്ചതോടെ സംഘര്‍ഷമാരംഭിക്കുകയായിരുന്നു.
ഇതോടെ രാജ്യത്തേക്കുളള എല്ലാ വിമാന സര്‍വ്വീസുകളും റദ്ദാക്കി. ബാഗ്ദാദിലേക്കുന്ന വിമാനങ്ങൾ റദ്ദാക്കിയതായി എമിറേറ്റ്സ് എയര്‍ലൈനും അറിയിച്ചു. ഇതിനിടെ ഇറാഖിലേക്കുളള അതിർത്തി ഇറാൻ അടച്ചു. തെരുവുകളില്‍ പ്രതിഷേധക്കാര്‍ തമ്പടിച്ചതോടെ കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. ഇറാഖിലെ ജനപ്രിയ നേതാക്കളില്‍ ഒരാളാണ് മുഖ്‌തദ അൽ സദർ .