ഐപിഎൽ ക്രിക്കറ്റ് സീസൺ പതിനാറിന് ഇന്ന് തുടക്കം. രണ്ടുമാസം നീളുന്ന ആവേശപ്പൂരമാണ് ക്രിക്കറ്റ് ആരാധകരെ കാത്തിരിക്കുന്നത്. നിലവിലെ ചാംപ്യന്മാരായ ഗുജറാത്ത് ടൈറ്റൻസും മുൻ ചാംപ്യന്മാരായ ചെന്നൈ സൂപ്പർ കിങ്സും തമ്മിലാണ് ഉദ്ഘാടന മത്സരം. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിൽ രാത്രി ഏഴരയ്ക്കാണ് ഏറ്റുമുട്ടൽ.
ഹോം മത്സരങ്ങൾ, എവേ മത്സരങ്ങൾ എന്ന രീതിയിലേക്ക് തിരിച്ചെത്തുന്ന മത്സരങ്ങളാണ് ഇക്കുറിയുളള മാറ്റങ്ങളിൽ പ്രധാനം. ആവേശം കൂട്ടി ഇംപാക്ട് പ്ലേയര്‍ നിയമവുമുണ്ട്. ടോസിന് ശേഷം അന്തിമ ഇലവനെ പ്രഖ്യാപിക്കുന്നതോടെ വീറും വാശിയും വർദ്ധിക്കും. വൈഡും നോബോളും ഡിആര്‍എസ് പരിധിയില്‍ ഉൾപ്പെടുമെന്നതും പതിനാറാം സീസൺ പ്രത്യേകതയാണ്.
മുൻ ചാമ്പ്യൻമാരായ ടീമുകളും ലോകോത്തര കളിക്കാരും ഒരോ പന്തിലും ആവേശമുണർത്തുമെന്നാണ് പ്രതീക്ഷ. ആരാധകരുടെ പത്ത് ഇഷ്ടടീമുകളാണ് സീസൺ പതിനാറിലുളളത്. പന്ത്രണ്ട് വേദികളിലായി 74 മത്സരങ്ങൾ ഉണ്ടാകും. മൊട്ടേറ സ്റ്റേഡിയത്തിൽ ക്രിക്കറ്റ് പൂരത്തിന് കൊടിയേറുമ്പോൾ വീറും വാശിയും ഏറും.
കഴിഞ്ഞ തവണ ഒൻപതാം സ്ഥാനത്ത് സീസൺ അവസാനിപ്പിച്ചടത്ത് നിന്നാണ് ചെന്നൈ സൂപ്പർ കിംഗ്സ് തിരിച്ചുവരവ് ലക്ഷ്യമിടുന്നത്. പരുക്കിൻ്റെ പിടിയിലാണെങ്കിലും സാക്ഷാൽ മഹേന്ദ്ര സിംഗ് ധോണി തന്നെ ചെന്നെയെ നയിക്കുമെന്നാണ് പ്രതീക്ഷ. അരങ്ങേറ്റ സീസണില്‍ തന്നെ കിരീടമുയര്‍ത്തിയ ഗുജറാത്ത് ടൈറ്റൻസ് നിസാരക്കാരല്ല.
പോയിന്‍റ് പട്ടികയിൽ മുന്നിലെത്തുന്ന ആദ്യ നാല് സ്ഥാനക്കാരാണ് പ്ലേ ഓഫിലേക്കെത്തുക. പ്ലേ ഓഫിലെത്തുന്ന ആദ്യ രണ്ട് സ്ഥാനക്കാര്‍ ഒന്നാം ക്വാളിഫയറിലും മൂന്ന്, നാല് സ്ഥാനക്കാര്‍ എലിമിനേറ്റർ റൌണ്ടിലും ഏറ്റുമുട്ടും. ഒന്നാം ക്വാളിഫയറിലെ വിജയികള്‍ക്ക് നേരിട്ട് ഫൈനലില്‍ പ്രവേശിക്കാം. തോല്‍ക്കുന്ന ടീം എലിമിനേറ്ററിലെ വിജയികളുമായി രണ്ടാം ക്വാളിഫയറിൽ മത്സരിക്കും. ഇതിലെ വിജയികളാണ് ഫൈനലിലേക്ക് മുന്നേറുക. മേയ് ഇരുപത്തിയെട്ടിനാണ് പതിനാറാം സീസൺ കിരീടപ്പോരാട്ടം.