ഖത്തറിന്റെ പ്രധാന മുഖമായ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് വീണ്ടും അംഗീകാരം. എല്ലാ വിഭാഗത്തിലുമുള്ള യാത്രക്കാർക്കും എളുപ്പത്തിൽ യാത്ര സുഖകരമാവുന്ന രീതികൾക്കുള്ള അംഗീകാരമായി എയർപോർട്ട് കൗൺസിൽ ഇന്റർനാഷണൽ വേൾഡിന്റെ ആക്സസിബിലിറ്റി എൻഹാൻസ്മെന്റ് അക്രഡിറ്റേഷനാണ് ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് ലഭിച്ചത്.
ഭിന്നശേഷിക്കാരും പ്രായമുള്ളവരും രോഗികളും കുട്ടികളും ഉൾപ്പെടെ എല്ലാ വിഭാഗത്തിലെ യാത്രക്കാർക്കും വിമാനയാത്ര സുഖകരമാക്കുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങളുടെ സജ്ജീകരണമാണ് ഈ അംഗീകാരം നൽകുന്നതിനുള്ള മാനദണ്ഡം. കൂടാതെ വിമാനത്താവളത്തിൽ പ്രവേശനക്ഷമത മെച്ചപ്പെടുത്തുന്നതിലും തുല്യമായ ഉപഭോക്തൃ അനുഭവങ്ങൾ ഉറപ്പാക്കുന്നതിലുമായി 2022 ആഗസ്റ്റിലാണ് എയർപോർട്ട് കൗൺസിൽ ഇന്റർനാഷനൽ ഈ അക്രഡിറ്റേഷൻ പ്രോഗ്രാം അവതരിപ്പിച്ചത്.