അന്തരിച്ച നടനും ചാലക്കുടി മുൻ എംപിയുമായ ഇന്നസെൻ്റിന് (75) വിടചൊല്ലി സിനിമാ ലോകവും പ്രിയപ്പെട്ട ആരാധകരും. താരത്തിൻ്റെ ഭൌതിക ശരീരം കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ പൊതുദർശനത്തിനുവച്ചു. രാവിലെ 8 മുതൽ 11 വരെയാണ് ഇവിടെ പൊതുദർശനം. പിന്നീട് ഇരിങ്ങാലക്കുട ടൗൺ ഹാളിലെ പൊതുദർശനത്തിന് ശേഷം വൈകിട്ടു 3നു വീട്ടിലേക്കു കൊണ്ടുപോകും. ഇരിങ്ങാലക്കുട സെൻ്റ് തോമസ് കത്തീഡ്രലിൽ നാളെ രാവിലെ 10 മണിക്കാണ് സംസ്കാരം.
നമ്മുടെ കലാസാംസ്കാരിക രംഗങ്ങൾക്കും പൊതു രാഷ്ട്രീയ രംഗത്തിനും ഒരുപോലെ കനത്ത നഷ്ടമാണ് ഇന്നസെൻ്റിൻ്റെ വിയോഗമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനക്കുറിപ്പിൽ പറഞ്ഞു.
മലയാള സിനിമയെ ലോകത്തിന് മുന്നില്‍ അടയാളപ്പെടുത്തിയ ഹാസ്യതാരമാണ് ഇന്നസെൻ്റ്, അദ്ദേഹത്തിന് പകരം വെക്കാന്‍ മറ്റൊരാളില്ലെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന് ഫേസ്ബുക്കില്‍ കുറിച്ചു.
വിയോഗ വാർത്തയറിഞ്ഞ് ആശുപത്രിയിലെത്തിയ മമ്മൂട്ടി മാധ്യമങ്ങളോട് സംസാരിക്കാതെ മടങ്ങി.
‘എന്നെ ഒരാളും അതുപോലെ ചേർത്തു നിർത്തിയിട്ടില്ല, സംഘടനയിലായാലും വ്യക്തിജീവിതത്തിലായാലും ആ വാക്കിനപ്പുറം എനിക്കു വാക്കുണ്ടായിരുന്നില്ല’- നടൻ മോഹൻലാൽ അനുസ്മരിച്ചു.
സ്ക്രീനിൽ മാത്രമല്ല ജീവിതത്തിലും ചിരികൾ സമ്മാനിച്ചതിന് നന്ദി എന്നാണ് നടി മഞ്ജു വാരിയർ കുറിച്ചത്. മൂന്ന് പതിറ്റാണ്ടോളം കാലം ജ്യേഷ്ഠതുല്യനായിരുന്ന ഒരു വ്യക്തിയെ നഷ്ടപ്പെട്ടുവെന്ന് നടൻ ജയറാം .
അച്ഛനെപ്പോലെ സഹോദരനെപ്പോലെ ഒരു വഴികാട്ടിയെ പോലെ ജീവിതത്തിൽ തനിക്കൊപ്പം ഉണ്ടായിരുന്ന മനുഷ്യനാണ് വിടപറഞ്ഞുപോയതെന്നും ഓർമയുള്ള കാലം വരെ എന്നും അദ്ദേഹം തങ്ങൾക്കൊപ്പമുണ്ടാകുമെന്നും നടൻ ദിലീപ് ഫേസ്ബുക്കിൽ കുറിച്ചു.
ഇന്നലെ രാത്രി 10.30ന് കൊച്ചി ലേക്ഷോർ ആശുപത്രിയിലായിരുന്നു ഇന്നസെൻ്റിൻ്റെ അന്ത്യം.