യന്ത്രത്തകരാർ മൂലം റദ്ദാക്കിയ ദമ്മാം-കാലിക്കറ്റ് ഇൻഡിഗോ എയർലൈൻസ് വിമാനം തകരാർ പരിഹരിച്ച് കോഴിക്കോട്ടേക്ക് യാത്ര പുറപ്പെട്ടു. ഇന്നലെ യാത്ര റദ്ദാക്കിയതിനെ തുടർന്ന് 45 യാത്രക്കാരെ ഹോട്ടലുകളിൽ പാർപ്പിച്ചിരുന്നു. അവരെ ഇന്ന് രാവിലെ തന്നെ തിരികെ ദമാം കിങ് ഫഹദ് രാജ്യാന്തര വിമാനത്താവളത്തിൽ എത്തിച്ചു. ബുധനാഴ്ച രാവിലെ 7.30ന് കോഴിക്കോട് നിന്ന് പുറപ്പെട്ട് 10.30ന് ദമാമിൽ ഇറങ്ങിയ എ239 വിമാനത്തിനാണ് മടക്ക യാത്രയ്ക്ക് തയ്യാറെടുക്കുന്നതിനിടെ തകരാർ കണ്ടെത്തിയത്.
അതേസമയം ഇന്നലെ തന്നെ തകരാർ പരിഹരിച്ച് പുറപ്പെടുമെന്ന് പ്രതീക്ഷിയിൽ നാലുമണിക്കൂറിലേറെയാണ് യാത്രക്കാർക്ക് വിമാനത്തിനുള്ളിൽ കാത്തിരുന്നത്. എന്നാൽ തകരാർ പരിഹരിക്കാനുള്ള ശ്രമങ്ങൾക്കിടെ ഉച്ചയ്ക്ക് 12.30 മുതൽ യാത്രക്കാരെ വിമാനത്തിലേക്ക് പ്രവേശിപ്പിച്ചു. പിന്നീട് റൺവേയിലൂടെ വിമാനം നീങ്ങിത്തുടങ്ങിയതിന് ശേഷം വീണ്ടും തകരാർ കണ്ടെത്തിയതിനാൽ ഉടൻ സാങ്കേതിക വിദഗ്ധൻമാരെത്തി പരിഹാരശ്രമം നടത്തിയെങ്കിലും വിഫലമായി. വിമാനം പുറപ്പെടുന്നത് തടയുകയും സർവീസ് റദ്ദാക്കുകയും ചെയ്യുകയായിരുന്നു. വിമാനത്തിൽ 65 യാത്രക്കാരാണ് ഉണ്ടായിരുന്നത്.