പ്രവാസികൾക്ക് ഒരു സന്തോഷ വാർത്ത! കണ്ണൂർ ഉൾപ്പെടെയുള്ള ഇന്ത്യയിലെ മൂന്ന് നഗരങ്ങളിൽ നിന്ന് അബൂദാബി സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പ്രതിദിന സർവിസുകൾ പ്രഖ്യാപിച്ചിരിക്കുകയാണ് ഇൻഡിഗോ എയർലൈൻസ്. കണ്ണൂർ, ലഖ്നോ, ചണ്ഡിഗഢ് എന്നിവിടങ്ങളിൽ നിന്നാണ് പുതിയ സർവിസിന് തുടക്കം കുറിയ്ക്കുന്നത്.
ഇത് മാത്രമല്ല കേട്ടോ, അബൂദാബിയിലേക്കുള്ള സർവിസ് ശൃംഖല വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി 21 പ്രതിവാര സർവിസുകളും ഇൻഡിഗോ കൂട്ടിച്ചേർത്തിട്ടുണ്ട്. ഇതോടെ അബൂദാബിയിലേക്കുള്ള ഇൻഡിഗോയുടെ ആകെ സർവിസുകൾ 63 ആയി ഉയരും. കൂടാതെ, ഇൻഡിഗോ പുതിയ സർവിസ് പ്രഖ്യാപിച്ചതോടെ അബൂദാബി സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള ആകെ ലക്ഷ്യസ്ഥാനങ്ങളുടെ എണ്ണം 120 കടക്കുകയും ചെയ്തു.
പുതിയ സർവിസുകൾ പ്രഖ്യാപിച്ചു കൊണ്ട് സുപ്രധാനമായ ചുവടുവെപ്പാണ് ഇൻഡിഗോ നടത്തിയിരിക്കുന്നതെന്ന് സായിദ് അന്താരാഷ്ട്ര വിമാനത്താവളം മാനേജിങ് ഡയറക്ടറും സി.ഇ.ഒയുമായ എലീന സൊർളിനി പറഞ്ഞു. ഇൻഡിഗോയുടെ പ്രഖ്യാപനം പ്രാദേശിക ഹബ് എന്ന നിലയിലുള്ള അബൂദാബിയുടെ സ്ഥാനം കൂടുതൽ ശക്തിപ്പെടുത്തും. ഇന്ത്യയിലെ പ്രധാന നഗരങ്ങളിലേക്കുള്ള സർവിസ് ശൃംഖല ശക്തിപ്പെടുത്താനും ഇതിലൂടെ സാധിക്കുമെന്നും അവർ പറഞ്ഞു. അബൂദാബി വിമാനത്താവളവുമായുള്ള പങ്കാളിത്തവും സഹകരണവും മെച്ചപ്പെടുത്തുന്ന നടപടികൾ കൂടുതൽ ശക്തമായി തുടരുമെന്ന് ഇൻഡിഗോ ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ പീറ്റർ എൽബേഴ്സ് പറഞ്ഞു. എന്തായാലും ഇനി അബുദാബിയിലേക്ക് ഈസിയായി യാത്ര ചെയ്യാം, ഇൻഡിഗോയിലൂടെ.