2024-25 വർഷങ്ങളിൽ സ്വദേശികളെ നിയമിക്കുന്നതിനായി 20 മുതൽ 49 വരെ തൊഴിലാളികളുള്ള 12,000 സ്വകാര്യ കമ്പനികൾക്ക് മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം (MoHRE) മുന്നറിയിപ്പ് നൽകി. എമിറേറ്റൈസേഷൻ ലക്ഷ്യങ്ങളുടെ വിപുലീകരണം സംബന്ധിച്ച 2023 ലെ കാബിനറ്റ് പ്രമേയം നമ്പർ 33/5W 2024 ജനുവരി മുതൽ പ്രാബല്യത്തിൽ വരും. ഇത് അനുസരിച്ച് 20 മുതൽ 49 വരെ തൊഴിലാളികളുള്ള കമ്പനികൾ 2024-ൽ ഒരു യുഎഇ പൗരനെയും 2025-ൽ മറ്റൊരാളെയും നിയമിക്കേണ്ടതുണ്ട്.
അതേസമയം ഈ ആവശ്യകതകൾ നിറവേറ്റുന്നതിൽ പരാജയപ്പെടുന്ന കമ്പനികൾക്ക് അവർ നിയമിക്കാത്ത ഓരോ യുഎഇ പൗരനും 96,000 ദിർഹം എന്ന തോതിൽ വാർഷിക സാമ്പത്തിക സംഭാവനയായി ചുമത്തും. 2024, 2025 വർഷങ്ങളിലായി യുഎഇ പൗരന്മാർക്ക് വിവിധ സാമ്പത്തിക മേഖലകളിൽ പ്രതിവർഷം 12,000 തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുമെന്നാണ് ഇതിലൂടെ മന്ത്രാലയം പ്രതീക്ഷിക്കുന്നത്.