ഉംറ നിർവ്വഹിച്ച ശേഷം സ്വദേശത്തേക്ക് തിരിച്ചുപോകാൻ തയ്യാറെടുക്കുന്നതിനിടെ വിമാനത്താവളത്തിൽ യുവതിക്ക് സുഖപ്രസവം. ജിദ്ദ കിങ് അബ്ദുൽ അസീസ് രാജ്യാന്തര വിമാനത്താവളത്തിൽ വെച്ചാണ് ഇന്ത്യൻ യുവതി കുഞ്ഞിന് ജന്മം നൽകിയത്.
ഉംറയ്ക്ക് ശേഷം സ്വദേശത്തേക്ക് തിരിച്ചുപോകാൻ ശ്രമിക്കുന്നതിനിടെ 31കാരിയായ യുവതിക്ക് പ്രസവവേദന അനുഭവപ്പെടുകയായിരുന്നു. ഇതോടെ ജിദ്ദ സെക്കന്റ് ഹെൽത്ത് ക്ലസ്റ്ററിന് കീഴിലെ ജിദ്ദ വിമാനത്താവളത്തിലെ ഹെൽത്ത് മോണിറ്ററിങ് സെന്ററുകൾക്ക് കീഴിലെ മെഡിക്കൽ സംഘം ഉടൻ യുവതിക്ക് വിദഗ്ധ പരിചരണം നൽകുകയും ചെയ്തു.
തുടർന്ന് ഡ്യൂട്ടി ഡോക്‌ടർ ഫവാസ് ആലമിൻ്റെ മേൽനോട്ടത്തിൽ നഴ്സുമാരായ വലീദ് അഹ്‌മദ് അൽനുഅമി, സാലിം മആതി അൽഹർബി, ഫതൂൻ അദ്‌നാൻ ബാഫേൽ ഉൾപ്പെടെയുള്ള മെഡിക്കൽ സംഘം യുവതിയുടെ പ്രസവമെടുക്കുകയായിരുന്നു. തുടർന്ന് യുവതിയെയും നവജാതശിശുവിനെയും മെഡിക്കൽ സംഘം കിങ് അബ്‌ദുല്ല മെഡിക്കൽ കോംപ്ലക്‌സിലേക്ക് മാറ്റി വിദഗ്ധ പരിചരണം നൽകുകയും ചെയ്തു.