ഇന്ത്യൻ സൂപ്പർ ലീഗ് (ഐ.എസ്.എൽ) 2024-25 സീസണിന് നാളെ കൊടിയേറും. കൊൽക്കത്തയിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ് നിലവിലെ ചാമ്പ്യന്മാരായ മുംബൈ സിറ്റി എഫ്.സിയെ നേരിടും. സാൾട്ട്‌ലേക്ക് സ്റ്റേഡിയത്തിൽ വെച്ച് രാത്രി 7.30-നാണ് കിക്കോഫ്. ഞായറാഴ്ചയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം.
കേരള ബ്ലാസ്റ്റേഴ്‌സ് കൊച്ചി ജവാഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ വെച്ച് തങ്ങളുടെ ആദ്യ കളിയിൽ പഞ്ചാബ് എഫ്.സിയെ നേരിടും. പുതിയ സീസണിൽ പുതിയ പരിശീലകനുമായാണ് ബ്ലാസ്റ്റേഴ്സ് ഇറങ്ങുന്നത്. മിക്കേൽ സ്റ്റാറെയെന്ന സ്വീഡിഷ് പരിശീലകനാണ് ടീമിനെ കളത്തിലിറക്കുന്നത്.
സീസണിൽ 13 ടീമുകളാണ് ടൂർണമെൻ്റിനുള്ളത്. ക്ലബ്ബുകൾ ആകെ 396 കളിക്കാരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ 76 പേർ വിദേശകളിക്കാരാണ്. 60.6 കോടി രൂപ മൂല്യമുള്ള കൊൽക്കത്ത ക്ലബ്ബ് മോഹൻ ബഗാനാണ് വിപണിമൂല്യത്തിൽ മുന്നിൽ നിൽക്കുന്നത്. 55.2 കോടിയുമായി കേരള ബ്ലാസ്റ്റേഴ്‌സ് രണ്ടാം സ്ഥാനത്താണ്.