ടെക്ക് ലോകത്തെ ഭീമന്മാരായ ഗൂഗിളും ആമസോണും ഫേസ്ബുക്കുമെല്ലാം ജോലി വാഗ്ദാനം ചെയ്തൊരു മിടുക്കനുണ്ട് ഇന്ത്യയിൽ. കൊല്‍ക്കത്ത ജാദവ്പുര്‍ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ഥിക്കാണ് ഈ അസുലഭ അവസരം ലഭിച്ചിരിക്കുന്നത്. വര്‍ഷത്തില്‍ 1.8 കോടി രൂപയാണ് ഫേസ്ബുക്കിന്റെ വാഗ്ദാനം. 2022ൽ ഒരു വിദ്യാർത്ഥിയ്ക്ക് ലഭിക്കുന്ന ഏറ്റവും ഉയർന്ന പ്രതിഫല വാഗ്ദാനമാണിത്. ബൈശാഖ് മൊണ്ടാലിൻ എന്ന നാലാം വര്‍ഷ കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ് വിദ്യാര്‍ഥിയ്ക്കാണ് ഫേസ്ബുക്കിൽ ഇത്ര വലിയൊരു ഓഫർ നൽകിയിരിക്കുന്നത്.
ബൈശാഖ് അത്ര നിസാരക്കാരനല്ല. ഗൂഗിളും ആമസോണും ജോലി വാഗ്ദാനം ചെയ്തിട്ടും ഫേസ്ബുക്ക് അതിലും ഉയർന്ന ശമ്പളം ഓഫർ ചെയ്തതോടെയാണ് അത് തെരഞ്ഞെടുത്തത്. കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് ബൈശാഖിന് ഈ ഓഫർ ലഭിച്ചത്. 2022 സെപ്റ്റംബറിൽ കമ്പനിയിൽ ജോയിൻ ചെയ്യാനായി ബൈശാഖ് ലണ്ടനിലേക്ക് പോകും.
തന്റെ സ്വപ്നങ്ങളിലേക്ക് എത്തിപ്പെടാൻ കൊവിഡ് കാലം ഏറെ സഹായകമായി എന്നാണ് ബൈശാഖ് പറയുന്നത്. കഴിഞ്ഞ രണ്ട് വർഷങ്ങളായി നിരവധി സ്ഥാപനങ്ങൾ നടത്തുന്ന പരിശീലന പരിപാടികളിൽ പങ്കെടുക്കാൻ സാധിച്ചെന്നും അത് മികച്ച രീതിയിൽ അറിവ് നേടാൻ സഹായകമായെന്നും ബൈശാഖ് പറയുന്നു. ഇന്ത്യന്‍ എക്സ്പ്രസിന് നല്കിയ അഭിമുഖത്തിലാണ് ഇതെല്ലാം തുറന്നുപറഞ്ഞിരിക്കുന്നത്.
ബെംഗളൂരുവാണ് സ്വദേശിയായ ബൈശാഖിന്റെ അമ്മ അങ്കണവാടി ജീവനക്കാരിയാണ്. മകന്റെ ഈ നേട്ടത്തിൽ അതീവ സന്തോഷവതിയാണ് താനെന്ന് അമ്മ അഭിമാനത്തോടെ പറയുന്നു.