ഹിമാചലിലെ മഞ്ഞുമലയിൽ നിന്ന് 56 വർഷങ്ങൾ താണ്ടി ജന്മനാട്ടിൽ തിരിച്ചെത്തി തോമസ് ചെറിയാൻ. ഒരുപാട് സ്വപ്നങ്ങളുമായി സൈനിക ജീവിതം ആരംഭിച്ച 26-കാരനായ തോമസ് ചെറിയാന്റെ മൃതദേഹം 73-കാരനായ അനുജൻ വികാരനിർഭരനായി ഏറ്റുവാങ്ങി. 1968-ലുണ്ടായ സൈനിക വിമാനാപകടത്തിൽ ഹിമാചൽപ്രദേശിലെ റോത്തങ് പാസിൽ സൈനിക വിമാനം അപകടത്തിൽപ്പെട്ടാണ് തോമസ് വീരമൃത്യു വരിച്ചത്. തോമസിന്റെ സംസ്കാരം ഇന്ന് നടക്കും.
18-ാം വയസിൽ സൈന്യത്തിൽ ചേർന്ന തോമസ് ചെറിയാൻ ക്രാഫ്റ്റ്സ്‌മാനായി ലഡാക്കിലായിരുന്നു ആദ്യസേവനം. ലഡാക്കിൽ നിന്ന് മടങ്ങുന്നതിനിടെയായിരുന്നു ദുരന്തം. അന്ന് മുതൽ അച്ഛനും അമ്മയും സഹോദരങ്ങളും ഉൾപ്പെട്ട കുടുംബം തോമസിനായി കാത്തിരിക്കുകയായിരുന്നു. ഒടുവിൽ മകനേക്കുറിച്ചുള്ള ഓർമ്മകൾ ഉള്ളിലൊതുക്കി മാതാപിതാക്കൾ മരണപ്പെട്ടു. പിന്നീട് സഹോദരങ്ങൾ തുടർന്ന ആ കാത്തിരിപ്പാണ് ഇപ്പോൾ അവസാനിച്ചിരിക്കുന്നത്.
തിരുവനന്തപുരം പാങ്ങോട് സൈനിക ക്യാമ്പിൽ നിന്ന് മൃതദേഹം സൈനിക അകമ്പടിയോടെ വീട്ടിലേക്ക് കൊണ്ടുപോയി. അല്പസമയത്തിനകം കാരൂർ സെയ്ൻ്റ് പീറ്റേഴ്സ് ഓർത്തഡോക്സ് പള്ളിയിലേക്ക് വിലാപ യാത്ര ആരംഭിക്കും. ഒന്നു മുതൽ രണ്ട് മണി വരെ പള്ളിയിൽ പൊതുദർശനം നടത്തിയ ശേഷം രണ്ടിന് ഡോ.ഏബ്രഹാം മാർ സെറാഫിം മെത്രാപ്പൊലീത്തയുടെ കാർമികത്വത്തിൽ സംസ്‌കാരശുശ്രൂഷ നടക്കും. ഔദ്യോഗിക ബഹുമതികളോടെ പ്രത്യേകം തയ്യാറാക്കിയ കല്ലറയിലാണ് സംസ്‌കരിക്കുക.