അരി കയറ്റുമതിക്ക് ഇന്ത്യ ഏര്‍പ്പെടുത്തിയ നിരോധനം യുഎഇയിലെ ചില്ലറ വ്യാപാര മേഖലയിലും പ്രതിഫലിക്കും. നാൽപ്പത് ശതമാനം വിലക്കയറ്റം ഉണ്ടാകുമെന്നാണ് സൂചന. എന്നാൽ മറ്റ് രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി വർദ്ധിപ്പിച്ചും പുതിയ വിതരണക്കാരെ ഉപയോഗിച്ചും പ്രതിസന്ധി പരിഹരിക്കാനാണ് യുഎഇയുടെ നീക്കം.
വിയറ്റ്‌നാം, തായ്‌ലന്‍ഡ്, പാകിസ്ഥാന്‍ എന്നീ രാജ്യങ്ങളിൽനിന്ന് അരി കൂടൂതലായി ഇറക്കുമതി ചെയ്യാനാണ് യുഎഇയുടെ ശ്രമം. ബസ്മതി ഒഴികെയുള്ള അരിയുടെ വിതരണ വിടവ് നികത്താനാകുമെന്നും വ്യാപാരികൾ പറയുന്നു. ആഭ്യന്തര വിപണിയിലെ ക്ഷാമം ഒഴിവാക്കാൻ ജൂലൈ 20 മുതലാണ് ബസുമതി ഒഴികെയുള്ള വെളുത്ത അരിയുടെ കയറ്റുമതി ഇന്ത്യ നിരോധിച്ചത്.
യുഎഇ ഉൾപ്പെടെ ലോകത്തെ വിവിധ രാജ്യങ്ങളിലേക്ക് അരി കയറ്റുമതി ചെയ്യുന്ന പ്രധാന രാജ്യമാണ് ഇന്ത്യ. ലോകത്തെ അരി കയറ്റുമതിയുടെ 40 ശതമാനത്തിലേറെയും ഇന്ത്യയാണ് നിയന്ത്രിക്കുന്നത്. കഴിഞ്ഞ വര്‍ഷം 55.4 ദശലക്ഷം മെട്രിക് ടണ്‍ ആയിരുന്നു ഇന്ത്യയുടെ അരി കയറ്റുമതി. എന്നാൽ ഉല്‍പ്പാദനം കുറഞ്ഞതോടെ കയറ്റുമതി നിയന്ത്രിക്കാൻ ഇന്ത്യ നിർബന്ധിതമാവുകയായിരുന്നു.
അതേസമയം കയറ്റുമതി നിരോധനം ആഫ്രിക്കൻ, ഏഷ്യൻ രാജ്യങ്ങളിലും അമേരിക്കയിലും ആശങ്ക ഉയര്‍ത്തുകയാണ്. ഇന്ത്യയുടെ തീരുമാനം ആഗോളതലത്തില്‍ ഭക്ഷ്യവില കുതിച്ചുയരാന്‍ ഇടയാക്കുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇന്ത്യയുടെ തീരുമാനത്തിന് പിന്നാലെ അമേരിക്കയിൽ അരിക്ക് ഡിമാൻ്റേറുകയും കടകളിൽ വൻതിരക്ക് അനുഭവപ്പെടുകയും ചെയ്തെന്നും റിപ്പോർട്ടുകളുണ്ട്.