ഐപിഎല്ലിൽ വരാൻ പോകുന്നത് വൻ മാറ്റങ്ങൾ. അടുത്ത ഐപിഎൽ സീസണിലേക്കുള്ള മെഗാ താരലേലത്തില്‍ ഒരു ടീമിന് ആറ് പേരെ നിലനിര്‍ത്താമെന്ന പ്രഖ്യാപനവുമായി ഐ.പി.എല്‍ ഗവേണിങ് കൗണ്‍സില്‍. ഇതിന് ബി.സി.സി.ഐ അനുമതി നൽകി. താരങ്ങളെ നിലനിർത്തുകയോ, അല്ലെങ്കിൽ ആർടിഎം (റൈറ്റ് ടു മാച്ച്) ഉപയോഗിക്കുകയോ ചെയ്യാം. ഏതെങ്കിലും ഒരു താരം ലേലത്തിൽ വിറ്റുപോയ ശേഷം മതിയായ കാരണങ്ങളില്ലാതെ കളിക്കാൻ വന്നില്ലെങ്കിൽ ആ താരത്തിന് അടുത്ത രണ്ട് സീസണുകളിൽ ഐപിഎല്ലിലോ ലേലത്തിലോ പങ്കെടുക്കാൻ സാധിക്കില്ല.
നിലവിൽ ദേശീയ ടീമിൽ കളിച്ചിട്ടില്ലാത്ത ഒരു ഇന്ത്യൻ താരത്തെ ടീമിനൊപ്പം നിർത്തണമെന്നും നിബന്ധനയുണ്ട്. ഐപിഎലിന്റെ ചരിത്രത്തിൽ ആദ്യമായി മാച്ച് ഫീസ് സംവിധാനവും അടുത്ത സീസൺ മുതൽ പ്രാബല്യത്തിൽ വരും. ഇംപാക്‌ട് പ്ലേയർ ഉൾപ്പടെ ടീമിലുള്ള എല്ലാ താരങ്ങൾക്കും 7.5 ലക്ഷം രൂപ വീതമാണ് ഓരോ മത്സരങ്ങൾക്കും ലഭിക്കുക. കരാർ തുകയ്ക്ക് പുറമേയാണിത്. വിദേശ താരങ്ങളെല്ലാം മെഗാ ലേലത്തിൽ റജിസ്‌റ്റർ ചെയ്തിരിക്കണം. മെഗാലേലത്തിൽ റജിസ്‌റ്റർ ചെയ്യാതിരുന്നാൽ അടുത്ത വർഷത്തെ ലേലത്തിൽ പങ്കെടുക്കാൻ വിലക്കുവരും.
2025 മുതൽ 2027 വരെയുള്ള ഐപിഎലിൽ ഇംപാക്ട് പ്ലേയർ നിയമം തുടരും. അൺകാപ്‌ഡ് പ്ലേയർ നിയമം ഐപിഎലിൽ തിരികെയെത്തും. രാജ്യാന്തര ക്രിക്കറ്റിൽ നിന്നു വിരമിച്ച് അഞ്ചു വർഷം പിന്നിട്ട താരത്തെ ‘അൺകാപ്‌ഡ്’ ആയി കണക്കാക്കുന്ന രീതിയാണിത്. ഇന്ത്യൻ താരങ്ങൾക്കു മാത്രമാകും ഈ നിയമം ബാധകമാകുക.