സൗദിയിലുണ്ടായ കാറപകടത്തിൽ ഇന്ത്യൻ കുടുംബം മരിച്ചു. പുലർച്ചെ ആറ് മണിക്ക് റിയാദിനടുത്തുള്ള തുമാമയിലെ ഹഫ്ന – തുവൈഖ് റോഡിൽ ഇവർ സഞ്ചരിച്ചിരുന്ന കാറും സൗദി പൗരൻ ഓടിച്ച ട്രെയിലറും തമ്മിൽ കൂട്ടിയിടിച്ച് തീപിടിക്കുകയായിരുന്നു. കാർ പൂർണമായും കത്തി നശിക്കുകയും കാറിൽ ഉണ്ടായിരുന്ന ദമ്പതികളും ഇവരുടെ രണ്ട് മക്കളും മരണപ്പെടുകയും ചെയ്തു.
ഇന്ത്യക്കാരായ ഗൗസ് ദാന്തു (35), ഭാര്യ തബ്റാക് സർവർ (31), മക്കളായ മുഹമ്മദ് ദാമിൽ ഗൗസ് (2), മുഹമ്മദ് ഈഹാൻ ഗൗസ് (4) എന്നിവരാണ് മരിച്ചത്. ഗൗസ് ദാന്തുവിന് കുവൈറ്റ് ഇഖാമയുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. എന്നാൽ ഇവരെ കുറിച്ചുള്ള മറ്റു വിവരങ്ങൾ ലഭ്യമല്ല. കുവൈറ്റിൽ നിന്ന് സൗദിയിലേക്ക് ടൂറിസ്റ്റ് വീസയിൽ എത്തിയതാണിവർ. മൃതദേഹങ്ങൾ റിയാദിൽനിന്ന് 100 കിലോമീറ്ററകലെ റുമാ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. എന്നാൽ നാട്ടിൽ നിന്നോ കുവൈറ്റിൽ നിന്നോ ഇതുവരെ ആരും ബന്ധപ്പെട്ടിട്ടില്ല എന്നും അധികൃതർ കൂട്ടിച്ചേർത്തു.