പ്രവാസി ഇന്ത്യക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള വേദിയാണ് ഇന്ത്യൻ എംബസിയുടെ ഓപ്പൺ ഹൗസുകൾ. അത്തരത്തിൽ പ്രവാസികളുടെ വിവിധ തൊഴിൽ, കോൺസുലാർ പരാതികളിൽ പരിഹാരം കാണുന്നതിന് ബഹ്റൈനിലെ ഇന്ത്യൻ എംബസി ഓപൺ ഹൗസ് സംഘടിപ്പിക്കുന്നു.
ഏപ്രിൽ 19 വെള്ളിയാഴ്ച്ച രാവിലെ 9.30 മുതൽ 11.30വരെ എംബസിയിൽ വച്ചാണ് ഓപൺ ഹൗസ് നടക്കുക. അംബാസഡർ വിനോദ് കെ. ജേക്കബിന് പുറമെ കോൺസുലാർ ടീമും അഭിഭാഷക പാനലും ഓപ്പൺ ഹൗസിൽ പങ്കെടുക്കും. പങ്കെടുക്കാനാഗ്രഹിക്കുന്ന ഇന്ത്യൻ പൗരന്മാർ മുൻകൂട്ടി അപ്പോയിൻമെന്റ് ഇല്ലാതെ തന്നെ രാവിലെ ഒൻപത് മണിക്ക് എംബസിയിലെത്താം.
പ്രശ്നപരിഹാരം ദ്രുതഗതിയിലാക്കാൻ ആഗ്രഹിക്കുന്ന ഓരോ ബഹ്റൈൻ പ്രവാസിയും അവരുടെ വിവരങ്ങളും നേരിടുന്ന പ്രശ്നവും [email protected] എന്ന ഇ മെയിൽ വിലാസത്തിൽ അയക്കാൻ എംബസി ആവശ്യപ്പെട്ടിട്ടുണ്ട്. ഈ മാസം 17നു മുമ്പ് മെയിൽ അയക്കണമെന്നും എംബസി അറിയിച്ചു.