കുവൈത്തിലെ ഗാര്‍ഹിക തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാൻ മാര്‍ഗനിർദേശവുമായി ഇന്ത്യൻ എംബസി. ഗാർഹിക തൊഴിലാളികളുമായി ബന്ധപ്പെട്ട പരാതികൾ വർധിച്ച സാഹചര്യത്തിലാണ് തൊഴിൽ നിയമങ്ങൾ വ്യക്തമാക്കി എംബസി മാർഗനിർദേശം പുറത്തിറക്കിയത്. വീട്ട് ജോലിക്കായി തൊഴിലാളിയുമായി കരാറിൽ ഏർപ്പെടുമ്പോൾ അറബിയിലും ഇംഗ്ലീഷിലും തയ്യാറാക്കിയ തൊഴിൽ കരാർ നിർബന്ധമാണെന്നും പ്രതിമാസ വേതനം കുവൈത്ത് അധികൃതർ നിശ്ചയിച്ച ശമ്പളത്തിൽ കുറയുവാൻ പാടില്ലെന്നും എംബസി ചൂണ്ടിക്കാട്ടി.
പരമാവധി ജോലി സമയം 12 മണിക്കൂറിൽ കൂടരുത്, അപകടകരമായ ജോലി ചെയ്യുവാൻ തൊഴിലാളിയെ നിർബന്ധിക്കരുത്, തൊഴിലാളിയുടെ സമ്മതമില്ലാതെ പാസ്പോർട്ട് – സിവിൽ ഐഡി എന്നിവ തൊഴിലുടമ കൈവശം വെക്കരുത്, ജോലിയിൽ ചേർന്ന തിയതി മുതൽ ഓരോ മാസാവസാനത്തിലും കൃത്യമായി ശമ്പളം നൽകണം, ശമ്പളം വൈകുന്ന ഘട്ടത്തിൽ കാലതാമസം വന്ന ഓരോ മാസത്തിനും 10 ദിനാർ വീതം തൊഴിലുടമ തൊഴിലാളിക്ക് അധികം നൽകണമെന്നും എംബസി പുറത്തിറക്കിയ മാർഗനിർദേശത്തിൽ വ്യക്തമാക്കുന്നുണ്ട്.
തൊഴിലാളിക്ക് ആവശ്യമായ ഭക്ഷണം, വസ്ത്രം, പാർപ്പിടം എന്നിവ തൊഴിലുടമ നൽകണമെന്നും ഗാർഹിക തൊഴിലാളികൾക്ക് ആഴ്ചയിൽ ഒരു ദിവസം വിശ്രമവും വർഷത്തിൽ ശമ്പളത്തോടുകൂടിയ വാർഷിക അവധിയും നൽകണമെന്നും നിർദേശത്തിലുണ്ട്.