റമദാനിൽ ഇഫ്താർ വിരുന്നുകൾ സജീവമായതോടെ ഇന്ത്യൻ ബീഫിനു യുഎഇ വിപണിയിൽ വൻ കുതിപ്പ്. വിൽപനയിൽ ആറര ശതമാനം വളർച്ചയുണ്ടായതായാണ് പ്രാഥമിക കണക്ക്. 15 രാജ്യങ്ങളിൽ നിന്ന് യുഎഇയിൽ ബീഫ് ഇറക്കുമതി ചെയ്യുന്നുണ്ട്. ഇതിൽ താരം എല്ലില്ലാത്ത ഇന്ത്യൻ ബീഫ് തന്നെ. 60 ബീഫ് ബ്രാൻഡുകളാണ് യുഎഇ വിപണിയിൽ മത്സരിക്കുന്നത്. യുഎസ്, ബ്രസീൽ, ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, സൗദി എന്നീ രാജ്യങ്ങളാണ് ഇന്ത്യയ്ക്കു പിന്നാലെയുണ്ട്. ബീഫിൽ മാത്രമല്ല മട്ടനിലും ഇന്ത്യയ്ക്കാണ് മേൽക്കൈ.
ഓസ്ട്രേലിയ, ഇന്ത്യ, ന്യൂസിലാൻഡ്, സ്പെയിൻ, ഒമാൻ, സൊമാലിയ തമ്മിലാണ് മട്ടൻ വിപണിയിൽ പ്രധാന മത്സരം. ഓരോ രാജ്യത്തെ ബീഫിനും വിലയിൽ വ്യത്യാസമുണ്ട്. ഒരു കിലോയ്ക്ക് 15 ദിർഹം മുതൽ 40 ദിർഹം വരെ വില വരും. ജാപ്പനീസ് വാഗ്യു, ഓസ്ട്രേലിയൻ ബീഫ് തുടങ്ങിയ പ്രീമിയം ബ്രാൻഡഡ് ബീഫിന് 100 ദിർഹം മുതൽ 2000 ദിർഹം വരെ വില വരും. എന്നാൽ പ്രീമിയം വിഭാഗങ്ങൾ ജനകീയ ബ്രാൻഡുകളുമായി മത്സരിക്കില്ല. കോവിഡിനു ശേഷം വിപണി ഇത്രയും സജീവമാകുന്നത് ആദ്യമായാണെന്നു വ്യാപാരികൾ സൂചിപ്പിച്ചു.
താമസക്കാരുടെ വർധനയും ഹോട്ടൽ, റസ്റ്ററൻ്റ് ശൃംഖലകളിലുണ്ടായ വർധനയും ഇറച്ചി വിപണിയെ സ്വാധീനിക്കും. ഇറച്ചി വാങ്ങുന്നവരിൽ ഏറിയ പങ്കും മലയാളികളായതിനാൽ ഇന്ത്യൻ ബീഫിനു ലോക്കൽ വിപണിയിലും ഡിമാൻഡ് വർധിക്കും. എല്ലു കൂടി വേണമെന്നുള്ളവർ പാക്കിസ്ഥാനി ബീഫാണ് വാങ്ങുക. ഇളം പോത്തിറച്ചി, മാട്ടിറച്ചി എന്നിങ്ങനെ എല്ലില്ലാത്ത ഇറച്ചിയാണ് ഇന്ത്യയിൽ നിന്നെത്തുന്നത്.
മത്സ്യബന്ധനം കുറഞ്ഞതും ഇറച്ചി വിപണിയെ സജീവമാക്കിയിട്ടുണ്ട്. നോമ്പു തുടങ്ങിയതോടെ പ്രാദേശിക മത്സ്യബന്ധനത്തിൽ ഗണ്യമായ കുറവുണ്ടായി. പ്രാദേശിക മത്സ്യബന്ധന ബോട്ടിൽ ഒരു സ്വദേശിയെങ്കിലും ഉണ്ടാകണമെന്നാണ് നിയമം. നോമ്പുകാലത്തു സ്വദേശികൾ മത്സ്യബന്ധനത്തിനു പോകാതായതോടെ മീൻപിടിത്തം ഏതാണ്ട് നിലച്ച മട്ടാണ്. കയറ്റുമതി ചെയ്യുന്ന മീൻ മാത്രമാണിപ്പോൾ വിപണിയിലുള്ളത്.