അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിലേക്കുളള റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാർത്ഥിയാകാനുളള മത്സരത്തിൽ നിന്നും ഇന്ത്യൻ വംശജൻ വിവേക് രാമസ്വാമി പിന്മാറി. ഡോണൾഡ് ട്രംപിനെ പിന്തുണയ്ക്കുമെന്ന് വിവേക് രാമസ്വാമി പ്രഖ്യാപിച്ചു. അയോവ കൊക്കസിൽ ട്രംപ് ജയിച്ചതിന് പിന്നാലെയാണ് പ്രഖ്യാപനം. വൈസ് പ്രസിഡന്റ് മത്സര സ്ഥാനത്തേക്ക് ട്രംപ് വിവേകിനെയും പരിഗണിച്ചേക്കും. പാലക്കാട് നിന്നുളള കുടിയേറ്റക്കാരുടെ മകനാണ് ശതകോടീശ്വരനായ വിവേക് രാമസ്വാമി.
2024 ലെ റിപ്പബ്ലിക്കന്‍ തിരഞ്ഞെടുപ്പിലെ ആദ്യ പ്രൈമറിയായിരുന്നു അയോവ കോക്കസിലേത്. 7.7 ശതമാനം വോട്ടുകള്‍ മാത്രമാണ് വിവേക് രാമസ്വാമിക്ക് ലഭിച്ചത്. കോടീശ്വരനായ മുന്‍ ബയോടെക് എക്സിക്യൂട്ടീവാണ് വിവേക് രാമസ്വാമി. 38 കാരനായ രാമസ്വാമി നേരത്തെയും ട്രംപിനെ അനുകൂലിച്ച് രംഗത്ത് വന്നിരുന്നു.
പാലക്കാട് നിന്നും അമ്പത് വര്‍ഷം മുമ്പേ അമേരിക്കയിലേക്ക് കുടിയേറിയതാണ് വിവേക് രാമസ്വാമിയുടെ മാതാപിതാക്കള്‍. അമേരിക്കയിലെ ഒഹായോയിലായിരുന്നു വിവേകിന്റെ ജനനം. ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയില്‍ ബിരുദം. ബയോഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ റോവന്റ് സയന്‍സസിന്റെ സ്ഥാപകനും സ്ട്രൈവ് അസറ്റ് മാനേജ്മെന്റിന്റെ സഹസ്ഥാപകനുമാണ്.