മൂന്ന് ദിവസം മഴയിൽ കുതിർന്ന ഇന്ത്യ-ബംഗ്ലാദേശ് രണ്ടാം ടെസ്റ്റിൽ തകർപ്പൻ ജയം സ്വന്തമാക്കി ഇന്ത്യ. ഏഴ് വിക്കറ്റിനാണ് ഇന്ത്യ ബംഗ്ലാദേശിനെ കീഴടക്കിയത്. 95 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 17.2 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ വിജയത്തിലെത്തി. നാലാം ദിവസം ബംഗ്ലാദേശ് തുടങ്ങിയ ആക്രമണ ബാറ്റിങ്ങിനെ ഇന്ത്യ വരുതിയിലാകുകയായിരുന്നു. രണ്ട് ദിവസത്തിനിടെ നാല് ഇന്നിങ്ങ്സുകൾ കണ്ട കളിയിൽ ഇന്ത്യ ബംഗ്ലാദേശിനെതിരായ പരമ്പര സ്വന്തമാക്കി.
ചെന്നൈയിൽ നടന്ന ആദ്യ ടെസ്‌റ്റിൽ ഇന്ത്യ 280 റൺസ് വിജയം നേടിയിരുന്നു. രണ്ടാം വിജയത്തോടെ പരമ്പര 2-0ന് ഇന്ത്യ സ്വന്തമാക്കി. മഴ കാരണം രണ്ടു ദിവസം ഒരു പന്തു പോലും എറിയാൻ സാധിക്കാതിരുന്ന കളിയാണ് മികച്ച പ്രകടനത്തിലൂടെ ഇന്ത്യ തിരിച്ചുപിടിച്ചത്. വിജയം ലക്ഷ്യമാക്കി കളിച്ച ഇന്ത്യ നാലാം ദിവസം 285 റൺസെടുത്ത് ഇന്നിങ്സ് ഡിക്ലയർ ചെയ്‌തത് മത്സരത്തിൽ നിർണായകമായി.
95 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ രണ്ടാം ഇന്നിങ്സിൽ മൂന്നു വിക്കറ്റ് മാത്രം നഷ്‌ടത്തിൽ ലക്ഷ്യം കണ്ടു. രണ്ട് ഇന്നിങ്സിലും അർധസെഞ്ച്വറി നേടിയ യശ്വസി ജയ്സ്വാളാണ് വെടിക്കെട്ട് ബാറ്റിങ്ങിന് തിരികൊളുത്തിയത്. മൂന്നു ദിവസം മഴയിൽ നഷ്‌ടപ്പെട്ടപ്പെട്ടതോടെ വിരസമായ സമനിലയിൽ അവസാനിക്കേണ്ട കളിയാണ് ഇന്ത്യ വരുതിയിലാക്കിയത്. രണ്ടാം ഇന്ന്ങ്ങിസിൽ ജയ്സ്വാൾ(51), കോലി(29 നോട്ടൗട്ട്) എന്നിവർ തിളങ്ങിയതോടെ മൂന്നു വിക്കറ്റ് നഷ്‌ടത്തിൽ ലക്ഷ്യം കണ്ടു.
ജയ്സ്വാളിനെ കൂടാതെ എട്ട് റൺസെടുത്ത ക്യാപ്റ്റൻ രോഹിത് ശർമയേയും ആറു റൺസിൽ നിൽക്കെ ശുബ്‌മാൻ ഗില്ലിനേയുമാണ് ഇന്ത്യക്ക് നഷ്ടമായത്. രണ്ടാം ഇന്നിങ്സിൽ രണ്ടിന് 26 റൺസെന്ന നിലയിൽ നാലാം ദിനം കളി അവസാനിപ്പിച്ച ബംഗ്ലാദേശിന് ഇന്ന് 120 റൺസേ ചേർക്കാനുയൂള്ളൂ. ബുംറയക്കും അശ്വിനും ജഡേജയ്ക്കും മുമ്പിൽ ബംഗ്ലാദേശ് ബാറ്റർമാർ നിലംപതിച്ചു. മൂവരും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ആകാശ്‌ദീപ് ഒരു വിക്കറ്റും നേടി.