ഇന്ത്യയും യുഎഇയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം രൂപയിലും ദിർഹത്തിലും നടത്താൻ ധാരണ. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏകദിന യുഎഇ സന്ദർശനത്തിനിടെയാണ് ഇത് സംബന്ധിച്ച ധാരണാപത്രത്തിൽ ഒപ്പ് വെച്ചത്.
യുഎഇ പ്രസിഡൻ്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ്റെ സാന്നിധ്യത്തിൽ അബുദാബിയിലെ അൽ വതൻ പാലസിൽ വെച്ചായിരുന്നു ചടങ്ങ്. യു എ ഇ സെൻട്രൽ ബാങ്ക് ഗവർണർ ഖാലിദ് മുഹമ്മദ് ബലാമ, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഗവർണർ ശക്തികാന്ത ദാസ് എന്നിവരാണ് ധാരണാ പത്രത്തിൽ ഒപ്പിട്ടത്.
ഇന്ത്യയും യുഎഇയും തമ്മിലുളള ഉഭയകക്ഷി വ്യാപാരബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും ഇടപാട് ചെലവുകൾ കുറയ്ക്കുന്നതിനും, സാമ്പത്തിക ദൃഢത ഉറപ്പ് വരുത്തുന്നതിനുമാണ് കരാർ ലക്ഷ്യമിടുന്നത്. ഫാസ്റ്റ് പേയ്മെൻ്റ് സംവിധാനങ്ങൾ, കാർഡ് നെറ്റ്വർക്ക് എന്നിവയിൽ സഹകരിക്കുന്നതിനും ഇരുരാജ്യങ്ങളുടെയും സെൻട്രൽ ബാങ്കുകൾ തമ്മിൽ ധാരണയായിട്ടുണ്ട്. ഡിജിറ്റൽ പേമെന്റ് സംവിധാനങ്ങളായ യുപിഐയും ഐപിപിയും വൈകാതെ ബന്ധിപ്പിക്കാനാണ് നീക്കങ്ങൾ.
ഇരു രാജ്യങ്ങളും തമ്മിലുളള വ്യാപാര ബന്ധം 20 ശതമാനം വർദ്ധിച്ചതായും നേതാക്കൾ ചടങ്ങിൽ ചൂട്ടിക്കാട്ടി. മോദിയുടെ സാനിധ്യത്തിൽ മൂന്ന് പ്രധാന ധാരണാപത്രങ്ങളിലാണ് ഒപ്പ് വെച്ചത്. യുഎഇ ആതിഥ്യം വഹിക്കുന്ന കാലാവസ്ഥാ ഉച്ചകോടിക്ക് ഇന്ത്യൻ പ്രധാനമന്ത്രി എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തിട്ടുണ്ട്.