തീർപ്പാക്കാത്ത ഉഭയകക്ഷി നിക്ഷേപ പദ്ധതികൾ ത്വരിതപ്പെടുത്തുന്നതിനും നിക്ഷേപകർക്ക് സൗകര്യമൊരുക്കുന്നതിനുമായി ഇന്ത്യയും സൗദി അറേബ്യയും കൈകോർക്കുന്നു. നിക്ഷേപകരെ ബന്ധിപ്പിച്ചുകൊണ്ട് പുതിയ ‘നിക്ഷേപ പാലം’ തുറക്കാനാണ് നീക്കം.
ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിലെ ഗൾഫ് മേഖലയുടെ ചുമതലയുള്ള സെക്രട്ടറി ഡോ. ഔസാഫ് സയീദും സൗദി അറേബ്യയുടെ അന്താരാഷ്‌ട്ര പങ്കാളിത്ത ഡെപ്യൂട്ടി മന്ത്രി മുഹമ്മദ് അൽ ഹസ്‌നയും തമ്മിൽ റിയാദിൽ നടന്ന കൂടിക്കാഴ്ചയിലാണ് ബന്ധപ്പെട്ട ചർച്ചകൾ നടന്നത്. ഉഭയകക്ഷി നിക്ഷേപ കൈമാറ്റത്തിനുള്ള അവസരങ്ങളെക്കുറിച്ച് ഇരുവരും വിശദമായി സംസാരിച്ചു.
സൗദി അറേബ്യൻ വിദേശകാര്യ ഉപമന്ത്രി വലീദ് ബിൻ അബ്ദുൾ കരീം എൽ ഖെരീജി ഇരു രാജ്യങ്ങളും തമ്മിലുള്ള ഉയർന്ന തലത്തിലുള്ള ബന്ധങ്ങൾ പോസിറ്റീവായി വിലയിരുത്തി. ഡോ. സയീദും സൗദി സെൻ്റർ ഫോർ ഇൻ്റർനാഷണൽ സ്ട്രാറ്റജിക് പാർട്ണർഷിപ്പിൻ്റെ പ്രസിഡൻ്റും സിഇഒയുമായ ഡോ. ഫൈസൽ അൽ സുഗൈറും എസ്പിസിയുടെ സാമ്പത്തിക, നിക്ഷേപ സമിതിയുടെ കീഴിലുള്ള പുരോഗതി അവലോകനം ചെയ്തു.
പുനരുപയോഗ ഊർജം, ഗ്രിഡ് കണക്റ്റിവിറ്റി, ഫാർമസ്യൂട്ടിക്കൽസ്, ഭക്ഷ്യസുരക്ഷ, വിവരസാങ്കേതികവിദ്യ, ഫിൻടെക്, ജലവിഭവം തുടങ്ങിയ മേഖലകളിൽ ഉൾപ്പെടെ കമ്മിറ്റിക്ക് കീഴിൽ കണ്ടെത്തിയ മുൻഗണനാ അവസരങ്ങളിൽ കൂടുതൽ പുരോഗതി കൈവരിക്കാൻ ഇരുപക്ഷവും സമ്മതിച്ചതായി ഇന്ത്യൻ മന്ത്രാലയം അറിയിച്ചു.