ഖത്തർ-ഇന്ത്യ വ്യാപാര മേഖല കൂടുതൽ ശക്തിപ്രാപിക്കുന്നു. അതിന്റെ ഭാഗമായി ഇരുരാജ്യങ്ങളുടെയും വ്യാപാര ബന്ധത്തിൽ ഗണ്യമായ വർധനവാണ് വന്നിരിക്കുന്നത്. ഖത്തറിന്റെ രണ്ടാമത്തെ വലിയ വ്യാപാര പങ്കാളിയായി ഇന്ത്യ മാറി. 2021-2022 കാലയളവിലുള്ള വ്യാപാരതോത് 1,720 കോടി ഡോളറാണ്. ന്യൂഡൽഹിയിൽ സമാപിച്ച 6-ാമത് ഇന്ത്യ-അറബ് പങ്കാളിത്ത സമ്മേളനത്തിലാണ് ഇന്ത്യയും ഖത്തറും തമ്മിലുള്ള വ്യാപാര വളർച്ച വ്യക്തമാക്കിയത്.
ഖത്തറിന്റെ രണ്ടാമത്തെ വലിയ വ്യാപാര പങ്കാളിയാണ് ഇന്ത്യയെന്നും 2021-2022 കാലയളവിൽ 33 ശതമാനമാണ് വ്യാപാര തോതിലെ വർധനയെന്നും ഖത്തർ വാണിജ്യ വ്യവസായ മന്ത്രാലയത്തിലെ വാണിജ്യകാര്യ വിഭാഗം അസി.അണ്ടർ സെക്രട്ടറി സലേഹ് ബിൻ മജിദ് അൽ ഖുലൈഫി പറഞ്ഞു. അറബ്, ഏഷ്യൻ വിപണികളിൽ രാജ്യങ്ങൾക്ക് ഗുണകരമാകുന്ന വിധത്തിൽ ഒരുമിച്ചുള്ള നിക്ഷേപ പദ്ധതികൾ തുടർന്നും നടപ്പിലാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയും അറബ് രാജ്യങ്ങളും തമ്മിലുള്ള വ്യാപാരവും സഹകരണവും ശക്തിപ്പെടുത്താൻ 2018-ലാണ് ഇന്ത്യ-അറബ് പങ്കാളിത്ത സമ്മേളനത്തിന് തുടക്കമിട്ടത്. ഭക്ഷ്യ സാധനങ്ങൾ, പച്ചക്കറി, മരുന്ന്, ഊർജം, കെട്ടിട നിർമ്മാണ സാമഗ്രികൾ ഉൾപ്പെടെ വിവിധ മേഖലകളിലാണ് ഇന്ത്യ-ഖത്തർ വ്യാപാരം പുരോഗമിക്കുന്നത്. ഇതിൽ ഊർജ മേഖലയിലാണ് വ്യാപാര ബന്ധം കൂടുതൽ ശക്തിയാർജ്ജിച്ചിരിക്കുന്നത്.