നീണ്ട നാളത്തെ കാത്തിരിപ്പിന് ശേഷം യുഎഇയിലെ മാർക്കറ്റുകൾ കീഴടക്കാൻ ഇന്ത്യൻ സവാളയെത്തുന്നു. യുഎഇയിലേക്ക് സവാള കയറ്റുമതി ചെയ്യുന്നതിന് അനുമതി നൽകിയിരിക്കുകയാണ് ഇന്ത്യ. 14,400 ടൺ സവാളയാണ് കയറ്റുമതി ചെയ്യാൻ ഇന്ത്യൻ സർക്കാർ അനുവദിച്ചത്. ഇതോടെ യുഎഇയിൽ ഉള്ളിവില കുത്തനെ കുറയുമെന്നാണ് വിലയിരുത്തൽ.
ഓരോ മൂന്ന് മാസത്തിലും 3,600 ടൺ എന്ന നിലക്കാണ് കയറ്റുമതി ചെയ്യുകയെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡിൻ്റെ ഔദ്യോഗിക അറിയിപ്പിൽ വ്യക്തമാക്കി. യുഎഇക്ക് പുറമെ ബംഗ്ലാദേശിലേക്കും സവാള കയറ്റുമതിക്ക് അധികൃതർ അനുമതി നൽകിയിട്ടുണ്ട്. വിവിധ രാജ്യങ്ങളുടെ അഭ്യർത്ഥന മാനിച്ചാണ് കേന്ദ്ര സർക്കാർ പ്രത്യേക അനുമതിയുടെ അടിസ്ഥാനത്തിൽ സവാള കയറ്റുമതി അനുവദിച്ചിരിക്കുന്നത്. 2023 ഡിസംബറിലാണ് ഇന്ത്യ സവാള കയറ്റുമതി നിർത്തലാക്കിയത്.
പ്രധാനമായും യുഎഇയിലെ മാർക്കറ്റുകളിൽ സവാള എത്തിക്കുന്നത് ഇന്ത്യയിൽ നിന്നാണ്. ഇന്ത്യൻ സവാള ലഭ്യമല്ലാതായതോടെ ഇറാൻ, തുർക്കി സവാളകൾ ഉയർന്ന വിലയിൽ മാർക്കറ്റിൽ എത്തുകയും ചെയ്തു. ഇതോടെ വിലയും കുതിച്ചുയർന്നു. ഒരു കിലോ സവാളയ്ക്ക് 6 മുതൽ 12 ദിർഹം വരെയാണ് വില ഈടാക്കിയിരുന്നത്. അതായത് നാട്ടിലെ 135 രൂപ മുതൽ 270 രൂപ വരെ. രണ്ട് ദിർഹത്തിന് ലഭിച്ചിരുന്ന സവാളയ്ക്കാണ് പൊന്നും വില നൽകേണ്ടിവരുന്നത് എന്നതാണ് ശ്രദ്ധേയം. ഇതോടെ പലരും സവാളയില്ലാതെയാണ് വിഭവങ്ങൾ ഒരുക്കുന്നത്. റമദാൻ സീസണിന് മുന്നോടിയായി ഇന്ത്യ സവാള കയറ്റുമതി ചെയ്യാൻ തീരുമാനിച്ചത് പ്രവാസികൾക്ക് ഉൾപ്പെടെ ഗുണപ്രദമാകും.