പ്രവാസികൾ നാട്ടിലേക്ക് പണം അയക്കാൻ മണി എക്സ്ചേഞ്ചുകളെയാണ് ആശ്രയിക്കാറുള്ളത്. ഇപ്പോഴിതാ യുഎഇയിൽ നിന്നുള്ള പ്രവാസികൾക്ക് പണമയക്കുന്നതിനുള്ള ഫീസ് 15 ശതമാനം വർധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ഫോറിൻ എക്സ്ചേഞ്ച് ആൻഡ് റെമിറ്റൻസ് ഗ്രൂപ്പ് (FERG). 2.5 ദിർഹത്തിന് തുല്യമായ ഫീസ് 15 ശതമാനം വർധിപ്പിക്കാൻ അധികാരികളിൽ നിന്ന് അനുമതി ലഭിച്ചിട്ടുണ്ടെന്ന് യുഎഇയിലെ എക്സ്ചേഞ്ച് ഹൗസുകളെ പ്രതിനിധീകരിക്കുന്ന ഫോറിൻ എക്സ്ചേഞ്ച് ആൻഡ് റെമിറ്റൻസ് ഗ്രൂപ്പ് അറിയിച്ചു.
അതേസമയം എക്സ്ചേഞ്ച് ഹൗസുകളുടെ ബ്രാഞ്ചുകൾ വഴി നൽകുന്ന പണമയയ്ക്കൽ സേവനങ്ങൾക്കാണ് ഫീസ് വർദ്ധനവ് ഉണ്ടാവുക. എന്നാൽ ഡിജിറ്റൽ മത്സരക്ഷമത നിലനിർത്താൻ മൊബൈൽ ആപ്പുകൾ വഴി നൽകുന്ന പണമടയ്ക്കൽ മാറ്റമില്ലാതെ തുടരുകയോ കുറയുകയോ ചെയ്യുമെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.