സൗദിയിൽ സ്കൂൾ വിദ്യാർത്ഥികളുടെ പാഠ്യപദ്ധതിയിൽ ചൈനീസ് ഭാഷാപഠനം ഉൾപ്പെടുത്തും. എല്ലാ സെക്കൻഡറി സ്കൂളിലും ആഴ്ചയിൽ രണ്ട് ക്ലാസ് വീതം ചൈനീസ് ഭാഷാപഠനം നടപ്പാക്കണമെന്നാണ് വിദ്യാഭ്യാസ മന്ത്രാലയം ഉത്തരവിറക്കിയത്. ചൈനീസ് തലസ്ഥാനമായ ബെയ്ജിങ്ങിൽ സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ നടത്തിയ സന്ദർശനത്തിനിടെയാണ് സ്കൂളുകളിൽ ചൈനീസ് ഭാഷ പഠിപ്പിക്കുന്നത് സംബന്ധിച്ച് പ്രഖ്യാപനമുണ്ടായത്. ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം.
സൗദി അറേബ്യയിലെ രണ്ടാം വർഷ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികളെയാണ് ആദ്യഘട്ടത്തിൽ ചൈനീസ് ഭാഷ പഠിപ്പിക്കുന്നത്. പദ്ധതി നടപ്പിലാക്കുന്നതിനുള്ള പ്രാരംഭനടപടികൾ വിദ്യാഭ്യാസ വകുപ്പ് പൂർത്തിയാക്കി. ഞായർ, തിങ്കൾ ദിവസങ്ങളിൽ നാലാമത്തെ സെഷൻ ചൈനീസ് ഭാഷാപഠനം ആയിരിക്കണം. ഇതിനാവശ്യമായ അധ്യാപകരെ നിയോഗിക്കണമെന്നും സ്കൂളുകൾക്ക് നിർദേശം നൽകി. അധികംവൈകാതെ സൗദിയിലെ സ്കൂളുകളിലും യൂണിവേഴ്സിറ്റികളിലും എല്ലാ വിദ്യാഭ്യാസ തലങ്ങളിലും ചൈനീസ് ഭാഷ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താനാണ് തീരുമാനം.