സൗദിയിൽ വാഹനമോടിക്കുമ്പോൾ ഇനി അതീവ ജാഗ്രത പാലിക്കണം. അപകടകരമായ രീതിയിൽ അമിതവേഗതയിൽ മറ്റ് വാഹനങ്ങളെ മറികടക്കുന്നവർക്ക് പിഴ ചുമത്തുമെന്ന് സൗദി ജനറൽ ട്രാഫിക് വകുപ്പ് മുന്നറിയിപ്പ് നൽകി. റോഡപകടങ്ങൾ കുറയ്ക്കുന്നതിന്റെ ഭാഗമായാണ് നടപടി.
അമിതവേഗതയിൽ മറ്റു വാഹനങ്ങൾക്കിടയിലൂടെ വരി വെട്ടിത്തിരിച്ച് വാഹനമോടിക്കുന്നത് ട്രാഫിക് നിയമങ്ങളുടെ ഗുരുതരമായ ലംഘനമാണെന്ന് ട്രാഫിക് അധികൃതർ ചൂണ്ടിക്കാട്ടി. ഇത്തരം നിയമലംഘനങ്ങൾക്ക് 3,000 മുതൽ 6,00 റിയാൽ വരെ പിഴ ചുമത്തും. കൂടാതെ എട്ട് ബ്ലാക്ക് പോയിന്റ്, ലൈസൻസ് റദ്ദ് ചെയ്യൽ, മൂന്ന് മാസം വരെ തടവ് തുടങ്ങിയവയും ശിക്ഷയായി ലഭിക്കുമെന്ന് സൗദി ജനറൽ ട്രാഫിക് വകുപ്പ് മുന്നറിയിപ്പ് നൽകി.
വാഹനം ഓടുന്ന ലൈൻ മാറ്റുകയാണെങ്കിൽ മറ്റ് വാഹനങ്ങൾ വരുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും അധികൃതർ നിർദേശിച്ചു. മറ്റൊരു വാഹനത്തെ മറികടക്കുന്നതിനായി അപകടകരമായ രീതിയിൽ വാഹനമോടിക്കുക, ട്രാഫിക്കിനിടയിലൂടെ വാഹനമോടിക്കുക, മുൻപിൽ പോകുന്ന വാഹനത്തിന് തൊട്ടുപിന്നിലായി വാഹനം ഓടിക്കുക, റോഡിന്റെ വശങ്ങളിലൂടെ ഓവർടേക്ക് ചെയ്യുക തുടങ്ങിയവയെല്ലാം നിയമലംഘനമാണെന്ന് സൗദി ജനറൽ ട്രാഫിക് വകുപ്പ് വ്യക്തമാക്കി.