പ്രവാസികൾക്ക് തിരിച്ചടിയായി സൗദി ട്രാൻസ്പോർട്ട് അതോറിറ്റിയുടെ പുതിയ തീരുമാനം. സൗദിയിൽ ഇരുചക്ര വാഹനങ്ങളിൽ സാധനങ്ങൾ ഡെലിവറി ചെയ്യുന്ന ജോലികൾ പൗരന്മാർക്ക് മാത്രമായി പരിമിതപ്പെടുത്താനാണ് ട്രാൻസ്പോർട്ട് അതോറിറ്റി തീരുമാനിച്ചത്. ജൂലൈ മുതൽ പുതിയ നിയമം നടപ്പിലാക്കും. ഇതോടെ ഈ മേഖലയിൽ ജോലി ചെയ്യുന്ന നിരവധി പ്രവാസികൾക്കാണ് തൊഴിൽ നഷ്ടപ്പെടുക.
ഇതിനുപുറമെ വിദേശികൾ സ്വന്തം നിലയ്ക്ക് സൗദിയിൽ ഡെലിവറി ജോലി ചെയ്യുന്നതിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ലൈറ്റ് ട്രാൻസ്പോർട്ട് കമ്പനികളിലെ ഡെലിവറി മേഖലയിൽ ജോലി ചെയ്യുന്ന വിദേശികൾക്ക് യൂണിഫോം നിർബന്ധമാക്കുകയും ചെയ്‌തു. ഡെലിവറി മേഖലയെ നിയന്ത്രിക്കുന്നതിന്റെയും ഡ്രൈവർമാരുടെയും സേവനങ്ങളുടെയും കാര്യക്ഷമത വർധിപ്പിക്കുന്നതിന്റെയും ഭാഗമായാണ് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്.
കമ്പനികൾ തങ്ങളുടെ ഡ്രൈവർമാരുടെ ഫേസ് വെരിഫിക്കേഷൻ നടപടി പൂർത്തിയാക്കണമെന്നും അതോറിറ്റി നിർദ്ദേശിച്ചിട്ടുണ്ട്. ഇതിനായി ട്രാൻസ്പോർട്ട് അതോറിറ്റിയുമായി കമ്പനികളെ പ്രത്യേക സിസ്റ്റം വഴി ബന്ധിപ്പിച്ചിട്ടുണ്ട്. 14 മാസത്തിനുള്ളിൽ പദ്ധതി ഘട്ടം ഘട്ടമായി നടപ്പിലാക്കാനാണ് തീരുമാനം. വിവിധ നിയന്ത്രണങ്ങളുടെ ഭാഗമായി മുനിസിപ്പൽ, റൂറൽ അഫയേഴ്‌സ് ആന്റ് ഹൗസിങ് മന്ത്രാലയവുമായി സഹകരിച്ച് ലൈറ്റ് ട്രാൻസ്പോർട്ട് വാഹനങ്ങളിൽ പരസ്യം അനുവദിക്കാനും അധികൃതർ തീരുമാനിച്ചു.