കുവൈത്തിൽ ആരോഗ്യമന്ത്രാലയത്തിന്റെ നിർദേശങ്ങൾ പാലിക്കാതെ പ്രവർത്തിച്ച 28 ഫാർമസികളുടെ ലൈസൻസുകൾ റദ്ദാക്കി. ഫാർമസികൾ പാലിക്കേണ്ട ഗുണനിലവാര മാനദണ്ഡങ്ങൾ ലംഘിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി സ്വീകരിച്ചത്. ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽ അവധിയുടെ നിർദ്ദേശപ്രകാരമായിരുന്നു ലൈസൻസ് റദ്ദാക്കിയത്.
ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്നതിന്റെ ഭാഗമായി സ്വകാര്യ ഫാർമസികളുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമായി ആരോഗ്യമന്ത്രാലയം പ്രത്യേക കാമ്പയിനും രാജ്യത്ത് ആരംഭിച്ചിരുന്നു. രാജ്യത്ത് നടപ്പാക്കുന്ന നിയമങ്ങൾ പാലിക്കാൻ എല്ലാവരും ഒരുപോലെ ബാധ്യസ്ഥരാണെന്നും നിയമലംഘനം ശ്രദ്ധയിൽപ്പെട്ടാൽ ശക്തമായ നടപടി സ്വീകരിക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി നിലവിൽ രാജ്യത്ത് ഫാർമസി ലൈസൻസുകൾ കുവൈത്തികൾക്ക് മാത്രമാണ് നൽകുന്നത്.