കണ്ടെയ്നർ ലഭ്യത വർധിച്ചതോടെ യുഎഇയിലെ ഇറക്കുമതി ചിലവ് കുറഞ്ഞതായി റിപ്പോര്‍ട്ടുകൾ. ഇതോടെ നിത്യോപയോഗ സാധനങ്ങളുടെ വിലയില്‍ പ്രകടമായ വിലക്കുറവ് ലഭ്യമാകുമെന്ന് നിഗമനം. അരി, ശീതീകരിച്ച കോഴിയിറച്ചി (ഫ്രോസൺ ചിക്കൻ), പാചക എണ്ണ എന്നിവയ്ക്ക് മൊത്ത വിലയിൽ ശരാശരി 15 മുതല്‍ 20 ശതമാനമാണ് വിലക്കുറവ് പ്രകടമായത്.
ഒരു കിലോ ഫ്രോസൺ ചിക്കന് 10 ദിർഹമെന്നത് ഇപ്പോൾ 7 ദിർഹമായി കുറഞ്ഞെന്ന് വ്യാപാരികൾ പറയുന്നു. 1.5 ലിറ്റർ പാചക എണ്ണയ്ക്ക് 15 ദിർഹത്തിൽ നിന്ന് 9 ദിർഹമായാണ് കുറവ് രേഖപ്പെടുത്തിയത്. സോന മസൂരി 5 കിലോയ്ക്ക് 25 ദിർഹം വരെ വിലയുയർന്നത് 18 ആയി കുറഞ്ഞിട്ടുണ്ട്. ഏതാനും ആഴ്ചകൾക്കകം കൂടുതൽ ഭക്ഷ്യ ഉൽപന്നങ്ങൾക്ക് വില കുറയുമെന്നാണ് സൂചനകൾ.
കോവിഡ് കാലത്ത് വിവിധ രാജ്യങ്ങളിലേക്ക് ചരക്കുനീക്കം വേണ്ടിവന്നതോടെ കണ്ടെയ്നര്‍ ക്ഷാമം രൂക്ഷമായിരുന്നു. കെട്ടിക്കിടന്ന കണ്ടെയ്നറുകളലില്‍ നിന്ന് ചരക്കിറക്കാനും താമസം നേരിട്ടിരുന്നു. പകരം വ്യോമമാര്‍ഗം ഇറക്കുമതി ചെയ്യേണ്ടി വന്നതും വിപണി വിലയെ സാരമായി ബാധിച്ചു.
കഴിഞ്ഞ 2 മാസമായി ഷിപ്പിങ് ചെലവ് പത്തിലൊന്നായി കുറഞ്ഞതായാണ് കണക്കുകൾ. ഇന്ത്യ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽനിന്ന് യുഎഇയിൽ എത്തിക്കുന്ന ഉൽപന്നങ്ങൾക്കെല്ലാം ചിലവ് കുറഞ്ഞത് യുഎഇയെ സംബന്ധിച്ച് ആശ്വാസമാണ്. നേരത്തെ യുഎഇ സമഗ്ര സാമ്പത്തിക കരാർ (സെപ) ഒപ്പുവച്ച രാജ്യങ്ങളിൽ നിന്നുള്ള കയറ്റുമതിക്കും ഇറക്കുമതിക്കും തീരുവ ഒഴിവാക്കിയതും വിലക്കുറവിലേക്ക് നയിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും വിപണിയിൽ പ്രതിഫിലിച്ചിരുന്നില്ല.
കോവിഡിനു മുൻപുള്ള നിലയിലേക്കു ഷിപ്പിങ് ചെലവ് തിരിച്ചെത്തിയതിനാൽ ഇതര മേഖലകളിലും വിലക്കുറവ് പ്ര കടമാകാന്‍ സാധ്യതയുണ്ട്. എന്നാല്‍ ഉൽപാദന ചെലവ് ഉയര്‍ന്നുനില്‍ക്കുന്ന വസ്തുതയും കണക്കിലെടുക്കേണ്ടതുണ്ടേന്ന് സാമ്പത്തിക വിദഗദ്ധര്‍ സൂചിപ്പിച്ചു. കോവിഡിന് പിന്നാലെ യുക്രൈന്‍ റഷ്യ യുദ്ധം ശക്തമായതും ആഗോളതലത്തില്‍ ഭക്ഷ്യമേഖലയെ ബാധിച്ചിരുന്നു.