കളള ടാക്സികൾക്കെതിരേ നടപടികൾ ഊര്‍ജിതമാക്കി ദുബായ്. റോഡ് ആന്‍റ് ട്രാന്‍സ്പോര്‍ട് അധികൃതരും പാസഞ്ചേഴ്സ് ട്രാന്‍സ്പോര്‍ട് ആക്ടിവിറ്റീസ് മോണിറ്ററിംഗ് വിഭാഗവും സംയുക്തമായാണ് പരിശോധനയ്ക്ക് ചുക്കാന്‍ പിടിക്കുന്നത്. പരിശോധനയ്ക്കൊപ്പം ബോധവത്കരണ ക്യാമ്പയിനുകളും സംഘടിപ്പിക്കും.
ലൈസന്‍സില്ലാതെ ആളുകളെ കൊണ്ടുപോകാന്‍ ഉപയോഗിക്കുന്ന വാഹനങ്ങൾക്കെതിരേ കടുത്ത നടപടിയുണ്ടാകും. ദുബായ്ക്ക് അകത്തും പുറത്തും ലൈസന്‍സില്ലാത്ത വാഹനങ്ങൾ സര്‍വ്വീസ് നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇത്തരം വാഹനങ്ങൾ കണ്ടുകെട്ടുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ലൈസലന്‍സ് നേടാതെ നേരിട്ടൊ സൈറ്റുകൾ വഴിയൊ സോഷ്യല്‍ മിഡിയ വഴിയൊ പരസ്യങ്ങൾ നല്‍കുന്നവര്‍ക്കെതിരേയും കര്‍ശന നടപടികൾ സ്വീകരിക്കും.
ഡാറ്റായും ബിസിനസ് ഇന്‍റലിജന്‍സ് ആപ്ലിക്കേഷനും ഉപയോഗിച്ചാണ് നിയമലംഘനങ്ങൾ വിശകലനം ചെയ്യുന്നതും കണ്ടെത്തുന്നതും. ഇത്തരം സൈറ്റുകൾ ഇതിനകം തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. കഴിഞ്ഞ മാസം ജബല്‍ അലി പോലീസ് നടത്തിയ പരിശോധനയില്‍ 38 നിയമലംഘനങ്ങൾ കണ്ടെത്തുകയും 25 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തിരുന്നു.