സൗദിയിൽ അനധികൃത ടാക്സി സേവനം നൽകിയ 2100 പേരെ പോലീസ് അറസ്റ്റ് ചെയ്തു. കൂടാതെ 1200 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. ഒരു മാസത്തിനിടെ സൗദിയിലെ വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയെ തുടർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.
നിയമലംഘനം നടത്തിയവരിൽ 38 ശതമാനം പേരെയും ജിദ്ദ വിമാനത്താവളത്തിൽ നിന്നാണ് പിടികൂടിയത്. റിയാദ് വിമാനത്താവളത്തിൽ നിന്ന് 30 ശതമാനം പേരും മദീന വിമാനത്താവളത്തിൽ നിന്ന് 15 ശതമാനം പേരും ദമ്മാം വിമാനത്താവളത്തിൽ നിന്ന് 12 ശതമാനം പേരും പിടിയിലായി.
അതേസമയം, ത്വാഇഫ് വിമാനത്താവളത്തിൽ നിന്ന് അഞ്ച് ശതമാനം പേരും പിടിയിലായിട്ടുണ്ട്. പരിശോധന ആരംഭിച്ച് ആദ്യ എട്ട് ദിവസത്തിനുള്ളിൽ തന്നെ 418 പേരും രണ്ടാമത്തെ എട്ട് ദിവസത്തിനുളളിൽ 645 പേരും പോലീസിന്റെ പിടിയിലായിരുന്നു. കൂടാതെ 305 കാറുകൾ പോലിസ് പിടിച്ചെടുക്കുകയും ചെയ്തു. പിടിച്ചെടുക്കുന്ന വാഹനങ്ങൾ നിയമലംഘകരുടെ ചെലവിൽ കണ്ടുകെട്ടുമെന്നും 5000 റിയാൽ വരെ പിഴ ചുമത്തുമെന്നും അധികൃതർ നേരത്തേ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു.
സൗദിയിലെ വിമാനത്താവളങ്ങളിലെത്തുന്ന യാത്രക്കാർക്ക് നിരവധി ഗതാഗത സംവിധാനങ്ങൾ നിലവിൽ പ്രവർത്തിക്കുന്നുണ്ട്. അവ ഉപയോഗിക്കണമെന്നും അനധികൃത ടാക്സികളെ ആശ്രയിച്ചുള്ള യാത്രകൾ ഒഴിവാക്കണമെന്നും നിയമലംഘകരെ പിടികൂടിയതിന് ശേഷം അധികൃതർ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.