കേന്ദ്രഗവൺമെൻ്റിൻ്റെ കീഴിലുളള ഉന്നതവിദ്യാഭ്യാസ സ്ഥാപനമായ ഐഐഎം കോഴിക്കോട് പുതിയ ബാച്ച് സൂപ്പർ ന്യൂമററി സീറ്റുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു . വിദേശികൾക്കും പ്രവാസി ഇന്ത്യക്കാർക്കും 2025-27 ബാച്ച് സൂപ്പർ ന്യൂമററി സീറ്റുകളിലേക്ക് അപേക്ഷിക്കാം.
ഫുൾ-ടൈം റെസിഡൻഷ്യൽ എംബിഎ കോഴ്സുകളായ പോസ്റ്റ് ഗ്രാജുവേറ്റ് പ്രോഗ്രാം (PGP-30 സീറ്റുകൾ) , പോസ്റ്റ് ഗ്രാജുവേറ്റ് പ്രോഗ്രാം – ലിബറൽ സ്റ്റഡീസ് ആൻഡ് മാനേജ്മെന്റ് (PGP LSM -10 സീറ്റുകൾ), പോസ്റ്റ് ഗ്രാജുവേറ്റ് പ്രോഗ്രാം – ഫിനാൻസ് (PGP FIN-10 സീറ്റുകൾ) എന്നീ കോഴ്സുകളിലേക്കാണ് അപേക്ഷകൾ സ്വീകരിക്കുന്നത്.
ഏതെങ്കിലും വിഷയത്തിൽ കുറഞ്ഞത് 50% മാർക്കോടെ ബിരുദം അല്ലെങ്കിൽ തുല്യമായ സിജിപിഎ (CGPA), CAT/GRE/GMAT എന്നിവയിൽ നിശ്ചിത സ്കോറുമാണ് സൂപ്പർ ന്യൂമററി സീറ്റുകളിലേക്ക് അപേക്ഷിക്കാനുള്ള യോഗ്യതകൾ. പ്രവേശന പ്രക്രിയ 2025 മാർച്ച് 15-ന് അവസാനിക്കും. 10 യു എസ് ഡോളറാണ് അപേക്ഷാ ഫീസ്.
സ്റ്റഡി ഇൻ ഇന്ത്യ രജിസ്ട്രേഷൻ ഉള്ളവർക്ക് അപേക്ഷാ ഫീസില്ല. സൂപ്പർ ന്യൂമററി സീറ്റുകളിലേക്ക് അഡ്മിഷൻ ലഭിക്കുന്ന വിദ്യാർത്ഥികൾക്ക് 3/10 എന്ന അനുപാതത്തിൽ സ്കോളർഷിപ്പുകളും ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് https://www.iimk.ac.in/international-admission-programmes എന്ന ലിങ്ക് സന്ദർശിക്കാം.
കേന്ദ്രഗവൺമെൻ്റിൻ്റെ കീഴിലുളള ഉന്നതവിദ്യാഭ്യാസ സ്ഥാപനമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റുകളിൽ കേരളത്തിലെ ഏക ഐഐഎം ആണ് കോഴിക്കോട് ജില്ലയിലെ കുന്ദമംഗലം സ്ഥിതി ചെയുന്നത്. ഇന്ത്യൻ വിദ്യാഭ്യാസ മന്ത്രാലയം പ്രസിദ്ധീകരിച്ച 2024ലെ നാഷണൽ ഇൻസ്റ്റിറ്റ്യൂഷനൽ റാങ്കിങ് ഫ്രെയിംവർക്ക് അനുസരിച്ച് ഐഐഎം കോഴിക്കോടിന് ‘മാനേജ്മെന്റ്’ വിഭാഗത്തിൽ മൂന്നാം സ്ഥാനവും 2024-ലെ ഫിനാൻഷ്യൽ ടൈംസിൻ്റെ (മാസ്റ്റേഴ്സ് ഇൻ മാനേജ്മന്റ്) ലോകശ്രേണിയിൽ 68-ാമത്തെ സ്ഥാനവും ലഭ്യമായിട്ടുണ്ട്.
അസോസിയേഷൻ ഓഫ് എംബിഎ(AMBA), യൂറോപ്യൻ ക്വാളിറ്റി ഇമ്പ്രൂമെൻ്റ് സിസ്റ്റം(EQUIS) എന്നിവയുടെ അന്താരാഷ്ട്ര അംഗീകാരം നേടിയ ഇന്ത്യയിലെ മുൻനിര വിദ്യാഭ്യാസ സ്ഥാപനം കൂടിയാണ് ഐഐഎം കോഴിക്കോട്.