പെറ്റമ്മയെ തിരിഞ്ഞുനോക്കാത്ത മക്കൾ ഇന്നും പലയിടത്തുമുണ്ട്. അതിനാൽ തന്നെ വൃദ്ധസദനങ്ങളിലെ അംഗങ്ങളുടെ എണ്ണം കൂടിവരുകയാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. കേരളത്തെ നോവിച്ച ഒരു ഉപേക്ഷിക്കലിന്റെ വാർത്തയായിരുന്നു ഇടുക്കിയിലെ കുമളിയിൽ മക്കൾ അമ്മയെ ഉപേക്ഷിച്ച വാർത്ത. കുമളി അട്ടപ്പള്ളം ലക്ഷംവീട് കോളിനിയിൽ കഴിഞ്ഞിരുന്ന അന്നക്കുട്ടി മാത്യു (76)വിനെയാണ് മക്കൾ ഉപേക്ഷിച്ചത്. തുടർന്ന് പൊലീസുകാരാണ് അമ്മയെ ചികിത്സയ്ക്കായി ആശുപത്രിയിൽ എത്തിച്ചത്. പിന്നാലെ അന്നക്കുട്ടി മരണത്തിന് കീഴടങ്ങി. സംഭവത്തിൽ മക്കൾക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇപ്പോൾ സസ്പെൻഷനും.
തുടർന്ന് വായിക്കുക…..
മക്കൾ ഉപേക്ഷിച്ച അന്നക്കുട്ടി
അട്ടപ്പള്ളത്ത് വാടകവീട്ടിൽ ഒറ്റയ്ക്ക് കഴിഞ്ഞിരുന്ന അന്നക്കുട്ടിയുടെ വലതുകൈക്ക് ഒടിവുണ്ടായിരുന്നു. വയർ വീർത്ത അവസ്ഥയിലുമായിരുന്നു. 5 ദിവസം മുൻപാണ് ഇവർ തീർത്തും കിടപ്പിലായത്. വിവരം അറിഞ്ഞ് പഞ്ചായത്ത് അംഗം ജയമോൾ മനോജ് പൊലീസ് ഇടപെടലിലൂടെ 2 മക്കളെയും വിളിച്ചുവരുത്തി അന്നക്കുട്ടിയുടെ ചികിത്സ ഉറപ്പാക്കാൻ ശ്രമം നടത്തി. പക്ഷേ, ഇവർ തയാറായില്ല. തുടർന്ന് കുമളി സിഐ ജോബിൻ ആന്റണിയുടെ നേതൃത്വത്തിലാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്. ആദ്യം കുമളിയിലെ സ്വകാര്യ ആശുപത്രിയിലും അവിടെ നിന്ന് പീരുമേട് താലൂക്ക് ആശുപത്രിയിലും എത്തിച്ചു. സ്ഥിതി ഗുരുതരമായതിനാൽ മെഡിക്കൽ കോളജിലേക്കു മാറ്റുകയായിരുന്നു. സ്വത്ത് വിറ്റുകിട്ടിയ പണം കൈക്കലാക്കിയ മക്കൾ പിന്നീട് വാടകവീടെടുത്ത് അന്നക്കുട്ടിയെ പാർപ്പിക്കുകയായിരുന്നുവെന്നു നാട്ടുകാർ പറഞ്ഞു. മക്കൾ മാസം തോറും നൽകിയിരുന്ന ചെറിയ തുകയായിരുന്നു ഇവരുടെ ഏക വരുമാനം. അമ്മയും മക്കളും തമ്മിലുള്ള പ്രശ്നം പറഞ്ഞു തീർക്കാൻ മുൻപ് പല ശ്രമങ്ങൾ നടന്നെങ്കിലും ആരും വിട്ടുവീഴ്ചയ്ക്കു തയാറായില്ലെന്നും നാട്ടുകാർ പറയുന്നു.
അന്നക്കുട്ടിയെ പൊലീസാണ് ചികിത്സയ്ക്കായി ആശുപത്രിയിൽ എത്തിച്ചത്. പിന്നീട് ചികിത്സയിലിരിക്കെ അന്നക്കുട്ടി മരണത്തിന് കീഴടങ്ങുകയായിരുന്നു. അന്നക്കുട്ടിയെ പൊലീസ് അശുപത്രിയിലെത്തിച്ചിട്ടും മക്കൾ ഏറ്റെടുക്കാൻ തയ്യാറായില്ല. പിന്നാലെ മരണത്തിന് കീഴടങ്ങി. ജില്ലാ ഭരണകൂടവും പൊലീസും നാട്ടുകാരും ചേർന്നാണ് അന്നക്കുട്ടിയുടെ സംസ്കാര ചടങ്ങുകൾ നടത്തിയത്. പഞ്ചായത്ത് പൊതുവേദിയിൽ പൊതു ദർശനത്തിനു ശേഷം അട്ടപ്പള്ളം സെൻറ് തോമസ് ഫൊറോൻ പള്ളിയിലെത്തിച്ച് അന്ത്യ കർമ്മങ്ങൾ നടത്തി. പള്ളിയിലെ ചടങ്ങുകൾക്ക് മകൻ സജിമോൻ കാഴ്ചക്കാരനായി എത്തിയെങ്കിലും മകൾ സിജി ഇവിടെയുമെത്തിയില്ല. ജില്ലാ ഭരണകൂടത്തിന് വേണ്ടി കളക്ടർ ഷീബ ജോർജും സബ് കളക്ടർ അരുൺ എസ് നായരും റീത്ത് സമർപ്പിച്ചു.
മക്കൾക്കെതിരെ കേസ്
കുമളി പഞ്ചായത്തംഗം ജയമോൾ മനോജിൻറെ മൊഴിയെടുത്താണ് കേരള ബാങ്ക് കുമളി ശാഖയിലെ ജീവനക്കാരനായ മകൻ സജിമോനും പഞ്ചായത്തിലെ താൽക്കാലിക ജീവനക്കാരിയായ മകൾ സിജിക്കുമെതിരെ കുമളി പോലീസ് കേസെടുത്തത്. കേസെടുത്തത് സംബന്ധിച്ച് പൊലീസ് ഇരുവർക്കും നോട്ടീസ് നൽകുകയും ചെയ്തിരുന്നു. ഇരുവരും കോടതി നടപടികൾ നേരിടേണ്ടി വരും. ഒപ്പം അമ്മയെ സംരക്ഷിക്കുന്നതിൽ വീഴ്ച വരുത്തിയത് സംബന്ധിച്ച് ജില്ലാ കളക്ടർക്കും പൊലീസ് റിപ്പോർട്ട് നൽകും.
കേസിന് പിന്നാലെ സസ്പെൻഷൻ
അന്നക്കുട്ടി മരിച്ച സംഭവത്തിൽ മകനെ കേരള ബാങ്ക് ജോലിയിൽ നിന്നും സസ്പെൻഡ് ചെയ്തു. കേരള ബാങ്കിൻ്റെ കുമളി ശാഖയിലെ കളക്ഷൻ ഏജൻ്റായ എം എം സജി മോനെതിരെയാണ് നടപടി വന്നിരിക്കുന്നത്. സജിമോൻ ജോലി ചെയ്യുന്ന കേരള ബാങ്ക് പൊലീസിനോട് റിപ്പോർട്ട് തേടിയിരുന്നു. ഇതിന് പിന്നാലെയാണ് സസ്പെൻഷൻ. കുമളി പഞ്ചായത്തിലെ താൽക്കാലിക ജീവനക്കാരിയായ മകൾ സിജിയെയും സസ്പെൻഡ് ചെയ്തു. മകനെന്ന ഉത്തര വാദിത്വത്തിൽ സജിമോൻ വീഴ്ച വരുത്തിയതുമായി ബന്ധപ്പെട്ട് കുമളി പൊലീസ് കേസെടുത്തതിൻ്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് കേരള ബാങ്ക് പ്രസിഡൻ്റ് അറിയിച്ചു