അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ (ഐസിസി) പുരസ്കാരം സ്വന്തമാക്കി യുഎഇ വനിതാ ക്രിക്കറ്റ് ടീം. ഐസിസി അസോസിയേറ്റ് അംഗങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ച വനിതാ ടീമിനുള്ള അവാർഡാണ് യുഎഇ നേടിയത്. മലേഷ്യയിൽ നടന്ന ടി20 ലോകകപ്പ് യോഗ്യതാ മത്സരത്തിലെ പ്രകടനമാണ് ടീമിനെ പുരസ്കാരത്തിന് അർഹമാക്കിയത്.
ഒരു മത്സരത്തിൽ പോലും തോൽക്കാതെയാണ് യുഎഇ ടീം ടി20 ലോകകപ്പ് യോഗ്യത നേടിയത്. ഇന്ത്യക്കാരിയായ ഇഷ ഓസയാണ് ടീമിന്റെ ക്യാപ്റ്റൻ. വയനാട് സുൽത്താൻ ബത്തേരി സ്വദേശികളായ മൂന്ന് മലയാളി സഹോദരിമാരായ ബാറ്റർ റിനിത രജിത്, ബൗളിങ് ഓൾ റൗണ്ടർമാരായ റിതിക രജിത്, റിഷിത രജിത് എന്നിവരും ടീമിലെ നിറസാന്നിധ്യമാണ്.
ശ്രീലങ്കക്കാരിയായ കവിഷ കുമാരിയൊഴികെയുള്ള യുഎഇ ടീമിലെ എല്ലാവരും ഇന്ത്യക്കാരാണ് എന്നതാണ് മറ്റൊരു പ്രത്യേകത. ടീമിലെ വിക്കറ്റ് കീപ്പർ എമിലി തോമസും മലയാളി കുടുംബപാരമ്പര്യമുള്ള കളിക്കാരിയാണ്. മറ്റന്നാൾ ശ്രീലങ്കയിൽ ആരംഭിക്കുന്ന വനിതാ ടി20 ഏഷ്യാകപ്പിന്റെ ഉദ്ഘാടന മത്സരത്തിൽ നേപ്പാളിനെതിരെ രംഗത്തിറങ്ങാനൊരുങ്ങുകയാണ് യുഎഇ ടീം.