ഇന്ത്യയിലെ സമ്പന്നന്മാരുടെ പട്ടിക പുറത്തുവിട്ട് പ്രമുഖ രാജ്യാന്തര ഗവേഷണ, നിക്ഷേപ മാഗസിനായ ഹുറൂൺ. പട്ടികയിൽ മലയാളികളിൽ ഒന്നാം സ്ഥാനത്ത് സ്ഥാനം പിടിച്ചിരിക്കുകയാണ് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി. 55,000 കോടി രൂപയുടെ ആസ്‌തിയാണ് യൂസഫലിക്കുള്ളത്. 2024 ജൂലൈ 31 വരെയുള്ള കണക്കുകൾ പ്രകാരമാണ് ഹുറൂൺ പട്ടിക തയ്യാറാക്കിയത്.
കഴിഞ്ഞ ഒരു വർഷത്തിനിടെ അദ്ദേഹത്തിന്റെ ആസ്തിയിൽ മാറ്റമൊന്നും ഉണ്ടായിട്ടില്ലെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. 42,000 കോടി രൂപയുടെ ആസ്തിയുമായി ജ്വല്ലറി ശൃംഖലയായ ജോയ് ആലുക്കാസ് ഗ്രൂപ്പിൻ്റെ ചെയർമാൻ ജോയ് ആലുക്കാസ് ആണ് മലയാളികളിൽ രണ്ടാം സ്ഥാനത്ത്. ഒരു വർഷത്തിനിടെ 52 ശതമാനം വളർച്ചയാണ് അദ്ദേഹത്തിന്റെ ആസ്തിയിൽ ഉണ്ടായിരിക്കുന്നത്.
അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിയാണ് ഇന്ത്യയിലെ ഏറ്റവും സമ്പന്നൻ. 11.6 ലക്ഷം കോടി രൂപയുടെ ആസ്തിയാണ് ഗൗതം അദാനിക്കും കുടുംബത്തിനുമുള്ളത്. 10.14 ലക്ഷം കോടി രൂപ ആസ്‌തിയുമായി മുകേഷ് അംബാനിയും കുടുംബവുമാണ് രണ്ടാമത്. എച്ച്‌സിഎൽ ഗ്രൂപ്പ് സാരഥി ശിവ് നാടാരും കുടുംബവുമാണ് 3.14 ലക്ഷം കോടി രൂപ ആസ്‌തിയുമായി മൂന്നാം സ്ഥാനത്ത്. ഇന്ത്യയിലെ സമ്പന്നരിൽ 40-ാം സ്ഥാനത്താണ് ഇത്തവണ യൂസഫലിയുള്ളത്.