കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്ക് മുൻപ് യുഎഇ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങൾ കനത്ത മഴയും അതുമൂലം ഉണ്ടായ വൻ നാശനഷ്ടങ്ങൾക്കും സാക്ഷ്യം വഹിച്ചിരുന്നു. നിരവധി വാഹനങ്ങൾക്കും കെട്ടിടങ്ങൾക്കുമെല്ലാം വലിയ തോതിലുള്ള കേടുപാടുകളാണ് സംഭവിച്ചത്. പിന്നീട് മഴ ശമിക്കുകയും യുഎഇ സാധാരണഗതിയിലേക്ക് തിരിച്ചെത്തുകയും ചെയ്തു. എന്നാൽ, ഇത്തരത്തിൽ വെള്ളക്കെട്ടിൽപെട്ട് കേടുപാടുകൾ സംഭവിച്ച വാഹനങ്ങളുടെ അറ്റകുറ്റപ്പണികൾക്കായി വർക്‌ഷോപ്പുകളിൽ ഇപ്പോൾ വൻ തിരക്കാണ്.
ദുബായ്, ഷാർജ, അജ്മാൻ എമിറേറ്റുകളിലെ വർക്‌ഷോപ്പുകളെല്ലാം വാഹനങ്ങൾ കൊണ്ടു നിറഞ്ഞു കഴിഞ്ഞു. മഴയ്ക്കു മുൻപ് വലിയ തിരക്കില്ലാതിരുന്ന വർക്‌ഷോപ്പുകളിൽ പലതും ഇപ്പോൾ 24 മണിക്കൂറും പ്രവർത്തിക്കുന്ന കാഴ്ചയാണ് യുഎഇ യിൽ കാണാൻ കഴിയുന്നത്. നന്നാക്കാനെത്തിക്കുന്ന വാഹനങ്ങളുടെ എണ്ണത്തിൽ 100% വർധനവ് ഉണ്ടായിട്ടുണ്ടെന്ന് വർക്‌ഷോപ് ഉടമകളും പറയുന്നു. മാത്രമല്ല, അവ അതിവേഗം ശരിയാക്കി നൽകാനുള്ള സമ്മർദവും അവർ നേരിടുന്നുണ്ട്. അതുകൊണ്ട് തന്നെ ചെറുകിട അറ്റകുറ്റപ്പണികളൊന്നും പല വർക്ക്ഷോപ്പുകളും ഇപ്പോൾ എടുക്കുന്നില്ല. വലിയ പ്രശ്നങ്ങൾ പരിഹരിക്കാൻ ചുരുങ്ങിയത് 10 ദിവസമെങ്കിലും വേണമെന്നും അവർ പറഞ്ഞു.
അത് മാത്രമല്ല, ഇൻഷുറൻസ് കവറേജ് ഉപയോഗിച്ച് വാഹനങ്ങളുടെ അറ്റകുറ്റപ്പണി നടത്തി തിരികെ കിട്ടണമെങ്കിൽ കുറഞ്ഞതു 2 മാസമെങ്കിലും വാഹന ഉടമകൾ കാത്തിരിക്കേണ്ടി വരും. ഇതൊഴിവാക്കാനായാണ് പലരും സ്വന്തം ചെലവിൽ നന്നാക്കാൻ ശ്രമിക്കുന്നതെന്നും വർക്‌ഷോപ് ഉടമകൾ എടുത്തു പറഞ്ഞു. എന്നാൽ, ചില സ്പെയർപാർട്‌സുകളുടെ വില വർധിച്ചതു ഇവർക്ക് തിരിച്ചടിയായിട്ടുണ്ട്.
അതേസമയം, വെള്ളക്കെട്ടിൽപെട്ട വാഹനങ്ങൾ നന്നാക്കാൻ ഇൻഷുറൻസ് കമ്പനികൾ സഹകരിക്കുന്നില്ലെന്ന പരാതിയും വാഹന ഉടമകൾ ഉന്നയിക്കുന്നുണ്ട്. ഇൻഷുർ ചെയ്ത വാഹനങ്ങൾ കമ്പനികളുടെ നടപടിക്രമങ്ങൾ കഴിഞ്ഞ് നിരത്തിലിറക്കാനെടുക്കുന്ന കാലതാമസമാണ് വാഹന ഉടമകളുടെ മറ്റൊരു പ്രധാന പ്രശ്നം.