യുഎഇയിൽ പ്രവാസം ചിലവിടുന്ന കാലത്ത് ദമ്പതികൾക്ക് കുഞ്ഞു ജനിച്ചാൽ അതിനുള്ള താമസാനുമതി എങ്ങനെ ലഭിക്കുമെന്ന കാര്യത്തിൽ ഇപ്പോഴും പലർക്കും വ്യക്തതയില്ല. 120 ദിവസത്തിനുള്ളിൽ താമസാനുമതി നേടിയില്ലെങ്കിൽ ഇവരെ കാത്തിരിക്കുന്നത് പിഴയും മറ്റ് നിയമനടപടികളുമാണ്. ഇവ ഒഴിവാക്കാൻ യുഎഇയിലെ നിയമം അനുസരിച്ച് എങ്ങനെ താമസാനുമതി നേടാനുള്ള വഴികളാണ് ചുവടെ.
∙ ജനന സർട്ടിഫിക്കറ്റും പാസ്‌പോർട്ടും നിർബന്ധം
ആദ്യം കുട്ടിയുടെ ജനന സർട്ടിഫിക്കറ്റ് വാങ്ങുകയും ബന്ധപ്പെട്ട അധികാരിക്ക് കുട്ടിയുടെ പാസ്‌പോർട്ടിന് അപേക്ഷ നൽകുകയും ചെയ്യേണ്ടതാണ് ആദ്യ പടി. ഇന്ത്യക്കാരാണെങ്കിൽ പാസ്‌പോർട്ടിന് അപേക്ഷിക്കാൻ യുഎഇയിലെ ഇന്ത്യൻ എംബസി സന്ദർശിക്കേണ്ടി വരും.
∙ വീസ
കുട്ടിക്ക് യുഎഇയിലേക്ക് നിയമപരമായ പ്രവേശനം അനുവദിക്കുന്നതിന് വേണ്ടി മാതാപിതാക്കൾ മാതൃരാജ്യത്തെ യുഎഇ എംബസിയിൽ വീസയ്ക്ക് അപേക്ഷിക്കണം. യുഎഇയുടെ വിദേശകാര്യ മന്ത്രാലയത്തിന്‍റെ (MoFA) വെബ്‌സൈറ്റിൽ നിന്ന് എംബസി എവിടെയെന്നു കണ്ടെത്താനുള്ള സൗകര്യമുണ്ട്.
റസിഡൻസി രേഖകൾ ക്രമീകരിക്കാൻ കുട്ടിയുടെ ജനനം മുതൽ 120 ദിവസം സമയം അനുവദിക്കുന്നുണ്ട്. എന്നാൽ അതിനുള്ളിൽ റസിഡൻസ് വീസ നേടിയില്ലെങ്കിൽ ആ കാലയളവിന് ശേഷമുള്ള ഓരോ ദിവസത്തിനും 100 ദിർഹം വീതം ഫീസായി നൽകേണ്ടി വരും. മാത്രമല്ല, നടപടികൾ പൂർത്തിയാകാതെ കുഞ്ഞിനെ രാജ്യം വിടാൻ അനുവദിക്കുകയുമില്ല.
∙ യുഎഇ ഫാമിലി റസിഡൻസ് വീസ
യുഎഇയിൽ കുട്ടിയെയോ കുടുംബത്തെയോ സ്പോൺസർ ചെയ്യുന്നതിന് മാതാപിതാക്കളുടെ താമസ വീസ സാധുവാണെന്ന് ആദ്യം ഉറപ്പാക്കണം. ഇത് അവരുടെ തൊഴിലുടമ സ്പോൺസർ ചെയ്യുന്ന തൊഴിൽ വീസയോ ഗ്രീൻ വീസയോ ഗോൾഡൻ വീസയോ ഇൻവെസ്റ്റർ വീസയോ പോലുള്ള സ്വയം സ്പോൺസർ ചെയ്യുന്ന വീസയോ ആകാം. കുടുംബത്തെ സ്പോൺസർ ചെയ്യാനുള്ള കുറഞ്ഞ ശമ്പള പരിധിയും ആവശ്യമായ രേഖകളുടെ സമർപ്പണവും ഉൾപ്പെടെയുള്ളവ കർശനമായി പാലിക്കേണ്ടി വരും.
∙ യുഎഇയിൽ ഫാമിലി റസിഡൻസ് വീസ ലഭിക്കാനുള്ള സമയം
യുഎഇ റസിഡൻസ് വീസയും എമിറേറ്റ്സ് ഐഡിയും നൽകുന്നതിന് ഒരാഴ്ചത്തോളം സമയമെടുക്കും.