നാവിൽ മധുരം പുരട്ടി ഖത്തർ സൂഖ് വാഖിഫിൽ അന്താരാഷ്ട്ര തേൻ പ്രദർശനം. ഫെബ്രുവരി 19 വരെ നീളുന്ന അഞ്ചാമത് തേൻ പ്രദർശന-വിപണന മേളയിലേക്ക് സന്ദർശകരുടെ ഒഴുക്കാണ്. 25 രാജ്യങ്ങളിൽ നിന്ന് നൂറിലധികം പ്രാദേശിക, അന്തർദേശീയ കമ്പനികളാണ് തേൻ പ്രദർശനത്തിൽ മധുരം വിളമ്പുന്നത്. 60ലധികം വ്യത്യസ്ത രുചിയുള്ള തേനുകൾ നുണയാനുള്ള അവസരമാണ് ഈ തേൻ പ്രദർശനം.
ഇത്തവണ പ്രദർശനത്തിൽ ഗണ്യമായ ജനപങ്കാളിത്തത്തിനാണ് സൂഖ് വാഖിഫ് സാക്ഷ്യംവഹിക്കുന്നത്. നിരവധി സന്ദർശകരെ ഖത്തറിലേക്ക് ആകർഷിക്കാൻ ഏഷ്യൻ കപ്പ് കാരണമായെന്നും പ്രദർശനത്തിന്റെ ജനറൽ സൂപ്പർവൈസർ ഖാലിദ് സൈഫ് അൽ സുവൈദി പറഞ്ഞു. ഫുട്ബാൾ ടൂർണമെൻറിനു ശേഷം നാട്ടിലേക്ക് മടങ്ങുന്ന സന്ദർശകർ പലപ്പോഴും സമ്മാനങ്ങൾ വാങ്ങിയാണ് പോകാറുള്ളത്. അവരിൽ പലരും സമ്മാനങ്ങൾക്കായി എത്തുന്നത് രാജ്യത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ സൂഖ് വാഖിഫിലാണ്.
തേനീച്ച ഉൽപന്നങ്ങളിൽ നിന്നുള്ള ഔഷധങ്ങളെക്കുറിച്ച് പഠിക്കാൻ കഴിയുന്ന എപ്പി തെറപ്പി സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന ഒരു ബൂത്ത്, തേനിന്റെ ഗുണനിലവാരം നിർണയിക്കുന്നതിനുള്ള ടെസ്റ്റിങ് ലാബ് തുടങ്ങിയവയും പ്രദർശനത്തിലുൾപ്പെടും. പ്രകൃതിയോടിണങ്ങിയ വിവിധ കേന്ദ്രങ്ങളിൽ ശേഖരിക്കുന്നത് മുതൽ കൃഷി ചെയ്യുന്നത് വരെയുള്ള വ്യത്യസ്ത ഇനം തേനുകളാണ് വിവിധ രാജ്യങ്ങളിൽ നിന്നുള്ള സ്ഥാപനങ്ങൾ പ്രദർശനത്തിന് എത്തിച്ചിട്ടുള്ളത്.
സിദർ, മാൻഗ്രോവ്, അക്കേഷ്യ, മനുക, തൈം, മജ്ര, അതീൽ, ലാവെൻഡർ, തൽഹ്, സമ്ര, വൈറ്റ് ഹണി എന്നിവ പ്രദർശനത്തിനെത്തിയ പ്രധാന തേൻ ഇനങ്ങളാണ്. രാവിലെ ഒമ്പത് മണി മുതൽ ഉച്ചക്ക് 12 മണി വരെയും വൈകുന്നേരം മൂന്ന് മണിമുതൽ രാത്രി ഒമ്പത് മണി വരെയുമാണ് പ്രദർശനം നടക്കുന്നത്. വെള്ളിയാഴ്ചകളിൽ വൈകുന്നേരം മൂന്ന് മണിമുതൽ രാത്രി ഒമ്പത് മണിവരെയും പ്രദർശനം നടക്കും. സൂഖിലേക്ക് മധുരം നുകരാൻ എത്തുന്നവരുടെ തിരക്ക് ഇനി രണ്ട് നാൾ കൂടി അവശേഷിക്കും.