പ്രാർത്ഥനയുടെയും കാരുണ്യത്തിന്റെയും പുണ്യ റമദാൻ നോമ്പുകാലത്ത് ഏഴ് ലക്ഷം പേർക്ക് ഇഫ്താർ വിരുന്നൊരുക്കാൻ ഒരുങ്ങി ഖത്തർ മതകാര്യ മന്ത്രാലയം. 20 കേന്ദ്രങ്ങളിലായാണ് ഇഫ്താർ സൗകര്യം ഒരുക്കുന്നത്. ‘ഇഫ്താർ സ്വാഇം’ എന്ന ക്യാമ്പയിൻ വഴിയാണ് ഖത്തറിലെ മതകാര്യ മന്ത്രാലയമായ ഔഖാഫ് നോമ്പുകാർക്ക് ഭക്ഷണമൊരുക്കുന്നത്.
20 കേന്ദ്രങ്ങളിലായി പ്രതിദിനം 24000 പേർക്ക് ഇത് പ്രയോജനപ്പെടുത്താനാകും. 15 ടെന്റുകളാണ് ഔഖാഫ് മന്ത്രാലയം സേവനം നൽകാൻ ഒരുക്കിയിരിക്കുന്നത്. ഇതോടൊപ്പം തന്നെ ഓൾഡ് എയർപോർട്ട്, ഉം ഗുവൈലിന, ഫരീജ് ബിൻ മഹ്മൂദ്, സൂഖ് ഫലേഹ്, സൽവ റോഡ് എന്നിവടങ്ങളിൽ ഇഫ്താർ കിറ്റുകൾ വിതരണം ചെയ്യാനും മന്ത്രാലയം സൗകര്യം ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇരട്ടിയോളം പേർക്കാണ് ഇത്തവണ ഇഫ്താർ ഒരുക്കുന്നതെന്ന് ഔഖാഫ് മന്ത്രാലയം അറിയിച്ചു. വിശുദ്ധ മാസത്തിൽ വിശന്നിരിക്കുന്നവർക്കും ഇഫ്താർ കിറ്റുകൾ ആശ്വാസമാകും.