കണ്ണിന് കുളിർമയേകുന്ന പായ്ക്കപ്പൽ ഫെസ്റ്റിവലായ ഡൽമ റേസിംഗ് ഫെസ്റ്റിവൽ ഏപ്രിൽ 26-ന് ആരംഭിക്കും. അബുദാബിയിലെ അൽ ദഫ്റ മേഖലയിൽ സ്ഥിതിചെയ്യുന്ന ഡൽമ ഐലൻഡിലാണ് മേള സംഘടിപ്പിക്കപ്പെടുന്നത്. പ്രാദേശിക നാവിക പാരമ്പര്യത്തിന്റെ ആഘോഷമായ ഹിസ്റ്റോറിക് ഡൽമ റേസിംഗ് ഫെസ്റ്റിവൽ മെയ് 5നാണ് സമാപിക്കുക.
അബുദാബി ഹെറിറ്റേജ് അതോറിറ്റി, അബുദാബി മറൈൻ സ്പോർട്സ് ക്ലബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ഏഴാമത് റേസിംഗ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. 60 അടി നീളമുള്ള പരമ്പരാഗത അറബി പായ്ക്കപ്പലുകളാണ് മേളയിൽ പങ്കെടുക്കുന്നത്. 68 നൗട്ടിക്കൽ മൈൽ ദൈർഘ്യത്തിലാണ് റേസ് സംഘടിപ്പിക്കുന്നത് എന്നതാണ് മറ്റൊരു പ്രത്യേകത.
യുഎഇയുടെ പൈതൃകം, നാവിക പാരമ്പര്യം എന്നിവ പുതുതലമുറയിലുള്ളവർക്ക് വേണ്ടി പുനരാവിഷ്കരണം ചെയ്യുന്നതിനും പൊതുജനങ്ങൾക്ക് ഇതിനെക്കുറിച്ച് അറിവ് പകരുന്നതിനുമായാണ് മേള ഒരുക്കുന്നത്.